റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 8 മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഗംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
രാവിലെ 8.30 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ജില്ലാ റിസർവ് ഗാർഡും (DRG) സിആർപിഎഫും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) കോബ്ര യൂണിറ്റും സംയുക്തമായാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മുതൽ സുരക്ഷാ സേന പ്രദേശം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. വനമേഖലിൽ തെരച്ചിൽ പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച ബിജാപൂർ ജില്ലയിലെ ഭട്ടിഗുഡയിലെ നിബിഡ വനങ്ങളിലെ ഒരു ഭീകര പരിശീലന ക്യാമ്പിന്റെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തിരുന്നു. പ്രദേശത്ത് രണ്ടാഴ്ച മുൻപ് നടന്ന ഏറ്റുമുട്ടലിൽ 12 ഭീകരരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഛത്തീസ്ഗഡിലെ സുരക്ഷാ സേന 219 നക്സലൈറ്റുകളെ ഇത്തരം ഓപ്പറേഷനുകളിൽ വധിച്ചിരുന്നു.















