വർക്കല: ക്യാൻസർ രോഗിയായ അച്ഛനേയും ഹൃദ്രോഗിയായ അമ്മയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട മകൾക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല അയിരൂർ സ്വദേശി സിജിക്കും ഭർത്താവിനും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുക, സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കൽ, വഞ്ചന കുറ്റം എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെയാണ് ക്രൂരത അരങ്ങേറിയത്. വൃന്ദാവനം വീട്ടിൽ സദാശിവൻ( 79 ), ഭാര്യ സുഷമ (73) എന്നിവരെയാണ് മകളെ വീട്ടിൽ നിന്ന് പുറത്താക്കിയത്. സ്വന്തം വീട് വിറ്റ് 35 ലക്ഷം രൂപ സദാശിവനും സുഷമയും മകൾക്ക് നൽകിയിരുന്നു.
ഇതിന് മുൻപും മകൾ ഇരുവരേയും വീട്ടിന് പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്
ഇന്നലെ സബ്കളക്ടറുടെ മുന്നിൽ മാതാപിതാക്കളും സിജിയും ഹാജരായിരുന്നു. തുടർന്ന് രക്ഷിതാക്കൾക്ക് ആ വീട്ടിൽ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കളക്ടർ ഉത്തരവിടുകയും ചെയ്തു. ശേഷം മകൾ ആദ്യമേ വീട്ടിലെത്തുകയും അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു.
അയിരൂർ പൊലീസ് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗേറ്റ് തുറക്കാൻ പോലും മകൾ തയ്യാറായില്ല. ഗേറ്റ് അടിച്ചിരുന്നതിനാൽ മതിൽ ചാടിക്കടന്ന് കോമ്പൗണ്ടിലേക്ക് കയറിയാണ് പൊലീസ് മകളോട് സംസാരിച്ചത്. തൊട്ടടുത്ത് മകൻ താമസിക്കുന്നുണ്ടെങ്കിലും വന്ന് നോക്കിയെന്നല്ലാതെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടു പോകാൻ അയാളും തയ്യാറായില്ല. തുടർന്ന് പൊലീസ് ഇവരെ ഷെൽറ്റർ ഹോമിലേക്ക് മാറ്റുകയായിരുന്നു.















