തിരുവനന്തപുരം: ഭാവിയെ മുൻനിർത്തി തയാറാക്കിയ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസിലർ ഡോ. വെങ്കട്ട് രംഗൻ. അരലക്ഷം അടൽ തിങ്കറിംഗ് ലാബുകൾ രൂപീകരിക്കാനും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അടുത്ത അഞ്ച് വർഷങ്ങൾ കൊണ്ട് യുജി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വെങ്കട്ട് രംഗൻ പറഞ്ഞു.
നിർമിത ബുദ്ധിയിലെ സാധ്യതകൾ കണ്ടെത്താനായി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം അഭിനന്ദനാർഹമാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകളിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ കണ്ടെത്തുന്നത് രാജ്യത്തെ ഭാവിയിൽ ശക്തിപ്പെടുത്തും. പ്രാദേശിക ഭാഷകളിൽ അറിവ് നേടാനായി ഭാരതീയ ഭാഷാ പുസ്തക് സ്കീം ആരംഭിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കും ഗുണം ചെയ്യും. രാജ്യപുരോഗതി മുൻനിർത്തി തയാറാക്കിയ ബജറ്റിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി വർത്താകുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.















