നമ്മുടെ അശ്രദ്ധ കാരണം മറ്റൊരാളുടെ ജീവന് ആപത്തുണ്ടാകരുതെന്ന് നടൻ ആസിഫ് അലി. ഒരു നിമിഷത്തെ ആവേശം കാരണം നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതം മാറിമറിയാൻ സാധ്യതയുണ്ടെന്നും ആസിഫ് അലി പറഞ്ഞു. റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
എല്ലാവരും ചെറുപ്പക്കാരുടെ അശ്രദ്ധയെ കുറിച്ചാണ് സംസാരിച്ചതെന്നും അവരോട് സംസാരിക്കാനാണ് തന്നെ ഈ വേദിയിലേക്ക് വിളിച്ചതെന്നും പറഞ്ഞാണ് ആസിഫ് അലിയുടെ വാക്കുകൾ ആരംഭിച്ചത്. “റോഡിൽ പതുക്കെ വാഹനം ഓടിക്കുന്നത് തന്ത വൈബല്ല. ഇപ്പോൾ അങ്ങനെയൊരു സംസാരമുണ്ട്. സ്പീഡിൽ പൊയ്‌ക്കൊണ്ടിരുന്ന ആൾ പെട്ടെന്ന് സ്പീഡ് കുറച്ച് പോകുമ്പോൾ തന്ത വൈബാണെന്ന് പറയുന്നത് കേൾക്കാറുണ്ട്.
നമ്മൾ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണത്. അത് ഒരിക്കലും നമ്മുടെ എനർജിയെ ചോദ്യം ചെയ്യുന്നതല്ല. നമുക്കൊരു അപകടം ഉണ്ടാകുന്നതിനേക്കാൾ നമ്മൾ കാരണം മറ്റൊരാൾക്ക് ഒരു അപകടവും ഉണ്ടാകരുതെന്ന് ചിന്തിക്കണം. നമ്മുടെ അശ്രദ്ധ കാരണം ഒന്നുമറിയാതെ റോഡിൽ കൂടി നടന്നുപോകുന്ന ആൾക്ക് ആപത്തുണ്ടായാൽ അതൊരിക്കലും ക്ഷമിക്കാൻ കഴിയുന്നതല്ല”.
ഒരു നിമിഷത്തെ ആവേശത്തിലായിരിക്കും സിഗ്നൽ കട്ട് ചെയ്യാൻ നമ്മൾ ശ്രമിക്കുന്നത്. ഒരു നിമിഷത്തെ ചിന്ത കാരണം നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതം മാറിമറിയാൻ സാധ്യതയുണ്ടെന്നും ആസിഫ് അലി പറഞ്ഞു.















