മനാമ: ഫെബ്രുവരി 7ന് ഓണാട്ടുകര ഫെസ്റ്റ് സംഘടിപ്പിച്ച് ബഹ്‌റൈൻ കേരളിയ സമാജം. ഫെസ്റ്റിൽ രാവിലെ 11 മണി മുതൽ കഞ്ഞി സദ്യയും വൈകിട്ട് 6 മണി മുതൽ ചെട്ടികുളങ്ങര കുത്തിയോട്ട സമിതി ബഹ്‌റൈൻന്റെ 100 ൽപരം കുത്തിയോട്ട കലാകാരന്മാർ അവതരിപ്പിക്കുന്ന അനുഷ്ഠാന കലയായ കുത്തിയോട്ടപ്പാട്ടും ചുവടും നടത്തപ്പെടുമെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ വി എസ് , സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ,കുത്തിയോട്ട സമിതി കൺവീനർ രാഘുനാഥൻ നായർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. മുഴുവൻ മലയാളികളെയും ഹൃദയ പൂർവ്വം ബഹ്‌റൈൻ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സമ്പന്നമായ കാർഷിക സംസ്കൃതിയുടെയും ക്ഷേത്ര സംസ്ക്കാരത്തിന്റെയും ക്ഷേത്ര കലകളുടെയും ഉത്സവപ്പെരുമയുടെയും നാടാണ് ഓണാട്ടുകര. ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവവും അനുഷ്ഠാന കലയായ കുത്തിയോട്ടവും, കുതിരമൂട്ടിൽ കഞ്ഞി സദ്യയുമാണ് ഓണാട്ടുകരപ്പെരുമയിൽ മുന്നിൽ നിൽക്കുന്നത്.
പാരമ്പര്യ തച്ചു ശാസ്ത്ര ശില്പഭംഗി നിറഞ്ഞ കെട്ടുകാഴ്ചകൾ ഓണാട്ടുകരയുടെ ക്ഷേത്രോത്സവങ്ങളുടെ പ്രത്യേകത കൂടിയാണ്. കുംഭഭരണി ഉത്സവത്തതോട് അനുബന്ധിച്ച് നടത്തുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി (ഉത്സവച്ചന്ത) ഈ കാർഷിക സംസ്ക്കാരം വിളിച്ചോതുന്നതാണ്.
പത്രസമ്മേളനത്തിൽ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ വി എസ്, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ,കുത്തിയോട്ട സമിതി കൺവീനർ രാഘുനാഥൻ നായർ , സന്തോഷ് ബാബു, സുനിൽ മാവേലിക്കര, സച്ചിൻ ശങ്കർ, അജിത്ത് മാത്തൂർ എന്നിവർ പങ്കെടുത്തു