മലപ്പുറം എളങ്കൂരിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ കസ്റ്റഡിയിലായ ഭർത്താവ് പ്രബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭർതൃവീട്ടിൽ നേരിട്ട ക്രൂരപീഡനത്തിനൊടുവിലാണ് 25-കാരിയായ വിഷ്ണുജ ആത്മഹത്യ ചെയ്തതെന്ന് പെൺവീട്ടുകാർ ആരോപിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. ഇതിന് പിന്നാലെ ഭർതൃവീട്ടുകാർക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് വിഷ്ണുജയുടെ കുടുംബം ഉന്നയിച്ചത്.
2023 മെയ് മാസത്തിലായിരുന്നു വിഷ്ണുജയും പ്രബിനും തമ്മിലുള്ള വിവാഹം. സ്ത്രീധനം കുറഞ്ഞുപോയി, സൗന്ദര്യം പോരാ, ജോലി ഇല്ല എന്നീ കാര്യങ്ങൾ പറഞ്ഞ് വിഷ്ണുജയെ മാനസികമായി ശാരീരികമായും ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം. വിഷ്ണുജ ജീവനൊടുക്കിയതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭർത്താവ് പ്രബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ നഴ്സാണ് പ്രബിൻ. മഞ്ചേരി പൊലീസാണ് കേസന്വേഷിക്കുന്നത്.















