തിരുവനന്തപുരം: ബാലരാമപുരം ദേവേന്ദുകൊലക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ കഴിയുന്ന അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് പൊലീസ് നടപടി. ശ്രീതുവിന് പണം നൽകി കബളിപ്പിക്കപ്പെട്ട 10 പേർ പൊലീസിൽ പരാതി നൽകിയിരുന്നു.
ദേവസ്വം ബോർഡിൽ ഉൾപ്പെടെ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞാണ് ശ്രീതു പലരിൽ നിന്നും പണം വാങ്ങിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കേസെടുത്ത പൊലീസ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ പ്രതി ശ്രീതുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേവസ്വം ബോർഡിൽ ഡ്രൈവറായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപയായിരുന്നു ഉദ്യോഗാർത്ഥിയൽ നിന്ന് ശ്രീതു വാങ്ങിയത്. ശേഷം വ്യാജമായി തയ്യാറാക്കിയ നിയമന ഉത്തരവും നൽകി. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിലുള്ള ഉത്തരവാണ് നൽകിയത്. സംഭവത്തിൽ ഷിജു എന്നയാളാണ് പരാതിക്കാരൻ. ഷിജു അടക്കം പത്ത് പേരാണ് ശ്രീതുവിനെതിരെ പരാതികൾ നൽകിയതെന്നും പൊലീസ് അറിയിച്ചു.
ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ അമ്മാവൻ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് കുട്ടിയുടെ അമ്മ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേവേന്ദുവിന്റെ കൊലയിൽ ശ്രീതുവിന് പങ്കുണ്ടോയെന്ന സംശയം ഇതുവരെയും ദൂരീകരിക്കപ്പെട്ടിട്ടില്ല. അതിനിടെയാണ് ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.