ഗുവാഹത്തി: ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേർന്ന് ബിഎസ്എഫ്. കൊൽക്കത്തയിലെ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് അഡീഷണൽ ഡയറക്ടർ ജനറൽ രവി ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. അസമിലെ അതിർത്തി പ്രദേശമായ ഗുവാഹത്തി സന്ദർശിച്ച എഡിജി സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
സുരക്ഷാ സേനയുടെ നിലവിലുള്ള പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തിൽ വിലയിരുത്തി. പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ കൂടുതൽ സുരക്ഷ നടപടികൾ കൈക്കൊള്ളണമെന്ന് എഡിജി നിർദേശിച്ചു. ഗുവാഹത്തി അതിർത്തി സന്ദർശിച്ച എഡിജി, അതിർത്തിയിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ ജനറൽ (ഐജി) സഞ്ജയ് ഗൗർ, മുതിർന്ന സ്റ്റാഫ് ഓഫീസർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളെ കുറിച്ചും അതിർത്തി പ്രദേശത്തെ ക്രമസമാധാനനില നിലനിർത്തുന്നതിന് വേണ്ട നടപടികളെ കുറിച്ചും ചർച്ച ചെയ്തു. നുഴഞ്ഞുകയറ്റം തടയുന്നതിനും അതിർത്തി വഴിയുള്ള കള്ളക്കടത്തുകൾ ഇല്ലാതാക്കുന്നതിനും വേണ്ട മാർഗങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്.
അതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എഡിജി രവി ഗാന്ധി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി ബിഎസ്എഫ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശ്രമത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു.















