പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത് . രണ്ടുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്
നാളെ ശക്തമായ സുരക്ഷാ വലയത്തിൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ സമയം ഡ്രോൺ നിരീക്ഷണവും ശക്തമാക്കും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് നിലവിൽ ഇയാൾ. പോത്തുണ്ടി തിരുത്തൻപാടം ബോയൻകോളനിയിൽ സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെ ജനുവരി 27ന് രാവിലെയാണ് വീടിനുമുന്നിലിട്ട് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
പ്രാഥമിക ചോദ്യംചെയ്യലാണ് ആദ്യം നടന്നത്. ചെന്താമര പറഞ്ഞ പല കാര്യങ്ങളും അവ്യക്തമാണ്. ഉപേക്ഷിച്ചുപോയ ഭാര്യ വിലാസിനി, പ്രദേശവാസി പുഷ്‌പ, ഒരു പൊലീസുകാരൻ എന്നിങ്ങനെ മൂന്നുപേരെക്കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര നാട്ടുകാരോട് പറഞ്ഞിരുന്നതായി റിപോർട്ടുണ്ട്. ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ കസ്‌റ്റഡിയിൽ വാങ്ങി വിശദചോദ്യം ചെയ്യൽ വേണമെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാർ പ്രതികരിക്കുമെന്നതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചാകും തെളിവെടുപ്പെന്ന് പൊലീസ് പറഞ്ഞു.















