ചേർത്തല : ഈഴവർക്ക് സിപിഎമ്മിലും കോൺഗ്രസിലും അവഗണനയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണെന്നും നിലവിലുള്ളത് കെ ബാബു എന്ന ഒരു എംഎൽഎ മാത്രമാണെന്നും കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകും എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.
യോഗനാദത്തിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ലേഖനത്തിൽ സിപിഎമ്മിനും കടുത്ത വിമർശനമുണ്ട്. ഇടതുപക്ഷത്തിനും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യമാണ്. ഇത് ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രതിഫലനമാണ്.
എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിൽ ‘ഈഴവർ കറിവേപ്പിലയോ’ എന്ന പേരിൽ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ സിപിഐഎമ്മിന് സാധിച്ചിട്ടില്ലെന്നും എഡിറ്റോറിയലിൽ പരാമർശമുണ്ട്. കസേരയ്‌ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് പലർക്കും സമുദായ ചിന്ത ഉണരുക എന്നും ലേഖനം പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പ്രവർത്തി കൊണ്ട് സർക്കാരിനും മുഖ്യമന്ത്രിക്കും പാർട്ടിക്കും കളങ്കമുണ്ടാകുന്നുണ്ടെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. പാർട്ടി നേതാക്കളും അണികളും വരെ ഈ ദുരനുഭവങ്ങളുടെ ഇരകളാണ്.