കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ വിദ്യാർത്ഥിനിയായ 20 കാരിയെ ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടറായ അമ്മയ്‌ക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. സംഭവദിവസം രാത്രി അമ്മ പലതവണ വാതിലിൽ മുട്ടി നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. ഉടൻ തന്നെ കമർഹട്ടിയിലെ ഇഎസ്ഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിട്ടില്ലെങ്കിലും കമർഹട്ടി പൊലീസ്
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 9 നാണ് രാജ്യത്തെ നടുക്കിയ ആർജി കാർ ബലാത്സംഗ കൊലപാതകം. കേസിൽ ദിവസങ്ങൾക്ക് മുമ്പാണ് സിവിൽ വളണ്ടിയറായ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. യുവ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ മെഡിക്കൽ കോളജ് പ്രിൻസിപ്പളിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രിൻസിപ്പളിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് നടക്കുന്ന വിവരവും പുറത്ത് വന്നിരുന്നു. സസ്പെൻഷനിലായ പ്രിൻസിപ്പളിനെതിരെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും വിദ്യാർത്ഥിനിയുടെ മരണം.















