കണ്ണൂർ : ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സി പി.എം കാരായ 8 പ്രതികളുടെയും ശിക്ഷഹൈക്കോടതി ശരിവെച്ചു. കൃത്യം നടന്ന് 31 വർഷത്തിന് ശേഷമാണ് വിധി ഉണ്ടായത്.
7 വർഷം കഠിന തടവും 50000 രൂപ വീതം പിഴയുമാണ് ജസ്റ്റിസ് CS സുധ വിധിച്ചത്.
കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഏഴു വർഷം തടവ് ശിക്ഷ കുറഞ്ഞു പോയെന്നും കോടതി. സർക്കാർ അപ്പീലിനു പോകാതിരുന്നത് പരാമർശിച്ച ഹൈക്കോടതി കാരണങ്ങൾ സർക്കാരിനു തന്നെ അറിയാമെന്നും പറഞ്ഞു.

രണ്ട് കാലും ഛേദിക്കപ്പെട്ട സദാനന്ദൻ മാഷിന് നഷ്ടപരിഹാരം വർധിപ്പിച്ച് നൽകേണ്ടത് ഉചിതമെന്നും ഹൈക്കോടതി പറഞ്ഞു.
പ്രതികളുടെ ശിക്ഷ കുറയ്‌ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഭാവിയിൽ കുറ്റകൃത്യം ആവർത്തിക്കപ്പെടാനും ഇത് വഴിവയ്‌ക്കുമെന്നും കോടതി പറഞ്ഞു. കൃത്യം നടന്നിട്ട് 31 വർഷം കടന്നു പോയി. ഇപ്പോഴും അദ്ദേഹം നീതിയ്‌ക്കായി കാത്തിരിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.

സദാനന്ദൻ മാസ്റ്റർക്ക് 27 വയസ്സുള്ളപ്പോഴായിരുന്നു സി.പി.എം കാരായ പ്രതികൾ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചത്. 1994 ജനുവരി 25-ന് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പിന്നിൽ നിന്ന് അക്രമി സംഘം സദാനന്ദൻ മാസ്റ്ററെ ആക്രമിച്ചത്. തിരക്കേറിയ ഒരു മാർക്കറ്റിൽ വെച്ച് മാസ്റ്ററെ ആക്രമിച്ച അവർ ആൾക്കൂട്ടത്തെ ഭയപ്പെടുത്താൻ ഏതാനും ബോംബുകൾ പൊട്ടിച്ചിരുന്നു. നിമിഷങ്ങൾക്കകം അദ്ദേഹത്തിന്റെ രണ്ടു കാലുകളും വെട്ടിമാറ്റി റോഡിന്റെ വശത്തേക്ക് എറിഞ്ഞു. ആരും അദ്ദേഹത്തെ സഹായിക്കരുതെന്ന് അക്രമിസംഘം ഭീഷണി മുഴക്കിയിരുന്നു. രക്തം വാർന്നു റോഡിൽ കിടന്ന മാസ്റ്ററെ ഏറെക്കഴിഞ്ഞു പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിരുന്നു.















