ഡബ്ലിൻ: അയർലന്റിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. കാർലോ കൗണ്ടിയിലാണ് അപകടം നടന്നത്. ജനുവരി 31ന് പുലർച്ചെയായിരുന്നു സംഭവം. ഭാർഗവ് ചിട്ടൂരി, സുരേഷ് ചെറുകുരി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ച് ഡബ്ലിനിലുള്ള ഇന്ത്യൻ എംബസി എക്സിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ കിൽകെന്നിയിലുള്ള സെന്റ് ലൂകെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്ലാക്ക് ഔഡി A6 കാറിലാണ് നാല് പേരും സഞ്ചരിച്ചിരുന്നത്. കാർലോ ടൗണിലേക്കായിരുന്നു യാത്ര. ഗ്രിഗിനാസ്പിഡോജ് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് വാഹനം റോഡിൽ നിന്ന് തെന്നിമാറി മരത്തിലിടിച്ചത്. അപകടത്തിൽപ്പെട്ട നാല് പേരും കാർലോയിലെ സൗത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ്. നാല് പേരും ഒരുവീട്ടിലാണ് താമസിച്ചിരുന്നതും.