കോഴിക്കോട്: മകളെ പിറകിലിരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്. സ്കൂട്ടർ ഓടിച്ച മാവൂർ സ്വദേശി ഷെഫീഖ് എന്നയാൾക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു. ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനും അശ്രദ്ധമായി സ്കൂട്ടർ ഓടിച്ചതിനുമാണ് കേസ്. സംഭവത്തിൽ പ്രാഥമിക പരിശോധന ആരംഭിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഷെഫീഖിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് എംവിഡിയുടെ നിലപാട്.
സ്കൂട്ടറിന്റെ പിൻസീറ്റിൽ മകളെയിരുത്തി അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന പിതാവിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ച രാവിലെയാണ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. പുറംതിരിഞ്ഞാണ് പെൺകുട്ടിയെ സ്കൂട്ടറിൽ ഇരുത്തിയിരുന്നത്. കുട്ടി മൊബൈൽ ഫോണിൽ നോക്കി യാത്ര ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. വാഹനം ഓടിച്ചിരുന്ന പിതാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. കോഴിക്കോട് മാവൂർ തെങ്ങിലക്കടവിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പിറകെ സഞ്ചരിച്ചിരുന്ന കാർ യാത്രികരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായിരുന്നു. തുടർന്ന് സ്കൂട്ടർ ഓടിച്ചിരുന്ന ഷെഫീഖിനെതിരെ നടപടിയെടുക്കുകയായിരുന്നു എംവിഡി.















