വാരണാസി : പ്രശസ്ത ഇൻഡോളജിസ്റ്റും, സംഗീതജ്ഞനും, കാശ്മീരി ശൈവിസതന്ത്ര പണ്ഡിതനുമായ ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കി അന്തരിച്ചു. കാശിയിൽ നാരദ ഘാട്ടിൽ ആയിരുന്നു അന്ത്യം.
1951 ഓഗസ്റ്റ് 29 ന് ലണ്ടനിൽ പോളിഷുകാരനായ പിതാവിന്റെയും ഇറ്റലിക്കാരിയായ മാതാവിന്റെയും മകനായി ജനിച്ച ഡോ. ഡിച്ചോക്‌സ്കി 14 വയസ്സിനുള്ളിൽതന്നെ വിവേകാനന്ദൻ,പരമഹംസ യോഗാനന്ദർ, രാമകൃഷ്ണ പരമഹംസർ എന്നിവരുടെ കൃതികളിലേക്ക് ആഴ്ന്നിറങ്ങുകയും സിത്താർ വായന അഭ്യസിക്കുകയും ചെയ്തു.
1969-ൽ, ആത്മീയ പ്രബുദ്ധത തേടിയുള്ള അന്വേഷണത്തിനിടയിൽ അദ്ദേഹം ഇന്ത്യയിലെത്തി. ഇവിടെ അദ്ദേഹം സംസ്‌കൃതം, തത്ത്വചിന്ത, തന്ത്രം എന്നിവ അഭ്യസിച്ചു. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് ഇന്ത്യൻ ഫിലോസഫിയിൽ ബിഎയും എംഎയും നേടി. പിന്നീട്, പ്രൊഫസർ അലക്സിസ് സാൻഡേഴ്സന്റെ മാർഗനിർദേശപ്രകാരം ഓക്സ്ഫോർഡ് സർവകലാശാലയിൽ ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ ഗുരുവായ സ്വാമി ലക്ഷ്മൺ ജൂവാണ് 1976-ൽ അദ്ദേഹത്തെ ഔദ്യോഗികമായി കാശ്മീരി ശൈവമതത്തിലേക്ക് സ്വീകരിച്ചത്.
ഡോ. മാർക്ക് ഡിച്ചോക്‌സ്കിയുടെ കൃതികൾ ഭാരതീയ തന്ത്രയുടെയും കാശ്മീര ശൈവിസതന്ത്രത്തിന്റെയും നാനാ മേഖലകളിലേക്ക് വെളിച്ചം വീശുന്നു. 12 വാല്യങ്ങളുള്ള “മന്ഥനഭൈരവ തന്ത്രം”,11 വാല്യങ്ങളുള്ള “തന്ത്രലോകം” എന്നിവ എടുത്തു പറയേണ്ടതാണ്. “ദി ഡോക്ട്രിൻ ഓഫ് വൈബ്രേഷൻ” എന്ന അദ്ദേഹത്തിന്റെ പ്രധാന കൃതി കാശ്മീര ശൈവിസതന്ത്രത്തിന്റെ ആധുനിക കാലത്തെ അദ്‌ഭുത ഗ്രന്ഥമാണ്.
മുമ്പ് ലഭ്യമല്ലാത്ത സംസ്‌കൃത കൈയെഴുത്തുപ്രതികളും ഗ്രന്ഥങ്ങളും ഡിജിറ്റൈസ് ചെയ്യാനും ഭാവിതലമുറയ്‌ക്കായി അവയുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
താന്ത്രിക സപര്യക്ക് പുറത്ത് അദ്ദേഹം പ്രഗത്ഭനായ ഒരു സിത്താറിസ്റ്റായിരുന്നു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണ ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മീയവും വൈജ്ഞാനികവുമായ പരിശ്രമങ്ങൾ പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങൾക്കിടയിലുള്ള അതുല്യമായ പാലമായി കരുതപ്പെടുന്നു.
കേരളത്തിലെ പതിമ്മൂന്നു ശാക്തേയക്കാവുകളിലൂടെയും സഞ്ചരിച്ച അദ്ദേഹത്തിന് ഈ നാടുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
അഭിനവഗുപ്‌ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നൽകുന്ന രാജാനക പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2024 മാർച്ച് 8ന് തിരുവനന്തപുരത്ത് വെച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ആണ് അവാർഡുകൾ സമ്മാനിച്ചത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
Photo Courtesy : R Ramanand