സാൻഡോരിനി: ടൂറിസ്റ്റുകളുടെ ഇഷ്ടദ്വീപായ സാൻഡോരിനിയിൽ 200-ഓളം ഭൂചലനങ്ങൾ തുടർച്ചയായി രേഖപ്പെടുത്തിയതോടെ വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ തീവ്രശ്രമവുമായി അധികൃതർ. മുൻകരുതലിന്റെ ഭാഗമായി ദ്വീപിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ടൂറിസ്റ്റുകൾക്ക് ദ്വീപിൽ നിന്ന് അതിവേഗം മടങ്ങാനായി അധിക ഫ്ലൈറ്റ് സർവീസുകളും സാൻഡോരിനിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലായിരുന്നു ഗ്രീക്ക് ദ്വീപായ സാൻഡോരിനിയിൽ ഭൂകമ്പവും തുടർചലനങ്ങളും അനുഭവപ്പെടാൻ തുടങ്ങിയത്. സമുദ്രത്തിനടിയിൽ നിന്ന് 200ലധികം ചലനങ്ങൾ നാല് ദിവസത്തിനിടെ രേഖപ്പെടുത്തി. ഈഗൻ കടലിലെ അമോർഗോസ്, സാൻഡോരിനി എന്നീ ദ്വീപുകളിലാണ് ഭൂചലനങ്ങളുണ്ടായത്. ഇരുദ്വീപുകളിലും സജീവ അഗ്നിപർവതങ്ങളുണ്ട്. ഇതുവരെ രേഖപ്പെടുത്തിയത് നേരിയ ഭൂചലനങ്ങളാണ്. അതിനാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നിരുന്നാലും ജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ കണക്കിലെടുത്താണ് ഗ്രീസ് ഭരണകൂടം നടപടികൾ കൈക്കൊണ്ടത്. പ്രകമ്പനങ്ങൾ അവസാനിക്കുന്നതുവരെ ജനങ്ങൾക്ക് തങ്ങാൻ താത്കാലിക ഷെഡ്ഡുകളും ടെന്റുകളും സർക്കാർ ഒരുക്കിയിട്ടുണ്ട്. അടിയന്തര സഹായങ്ങൾക്കായി ഗ്രീസ് സർക്കാർ അയച്ച പ്രത്യേക സംഘം ദ്വീപിൽ ക്യാമ്പ് ചെയ്യുകയാണ്.
ഗ്രീസിലെ സ്വർഗം, മാന്ത്രിക ദ്വീപ് എന്നെല്ലാമാണ് സാൻഡോരിനി ദ്വീപ് അറിയപ്പെടുന്നത്. മധുവിധു ആഘോഷിക്കുന്ന ദമ്പതികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്. പ്രതിവർഷം മുപ്പത് ലക്ഷത്തിലധികം പേർ ഇവിടെയെത്താറുണ്ട്. പതിവായി ഭൂചലനങ്ങൾ രേഖപ്പെടുത്താറുള്ള മേഖല കൂടിയാണ് ഗ്രീസ്. 2021ൽ ഗ്രീസിലെ ക്രറ്റയിൽ 6.3 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.















