തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി വി. പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയിൽ അധിക വേതനം കൈപ്പറ്റിയെന്ന് കണ്ടെത്തി. പൊതുഭരണ വകുപ്പിൽ അക്കൗണ്ട്സ് ജനറൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി 20 ലക്ഷത്തോളം രൂപ വാങ്ങിയെന്ന് കണ്ടെത്തിയിരിക്കുന്നത്.
വിരമിച്ചതിന് ശേഷം കേരള പബ്ലിക്ക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായാണ് വി. പി ജോയ് പ്രവർത്തിക്കുന്നത്. ഓൾ ഇന്ത്യ സർവ്വീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിന് കീഴിൽ പുനർ നിയമനം നേടിയാൽ പെൻഷനും പുതിയ ജോലിയിലെ ശമ്പളവും ചേർന്ന തുക സർവ്വീസിൽ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാൾ കുറവായിരിക്കണമെന്നാണ് ചട്ടം. പുതിയ ജോലിയിൽ അലവൻസുകൾക്ക് പുറമേ 2.25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി വി. പി ജോയ് കൈപ്പറ്റുന്നുണ്ടെന്നാണ് എ.ജി വ്യക്തമാക്കുന്നു.
പുനർ നിയമനം നേടുന്നവർക്ക് ക്ഷാമാശ്വാസം കൈപ്പറ്റാനും വ്യവസ്ഥയില്ല. എന്നാൽ ഈ വ്യവസ്ഥ മറികടന്ന് 51,750 രൂപ വീതം ക്ഷാമാശ്വാസം കൈപ്പറ്റിയെന്നാണ് എജിയുടെ റിപ്പോർട്ടിൽ പറയുന്നത്. പെൻഷനൊപ്പം വാങ്ങുന്ന ക്ഷാമ ബത്തയ്‌ക്ക് പുറമേയാണ് ഈ തുക. ഈ വകയിൽ 2023 ജൂൺ മുതൽ 2024 ജൂൺ വരെ അനധികൃതമായി 19.37 ലക്ഷം രൂപയാണ് വി. പി ജോയ് വാങ്ങിച്ചത്.
ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം പൊതുഭരണവകുപ്പിൽ നിന്നും തേടിയിരിക്കുകയാണ് എ. ജി. എന്നാൽ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിക്രൂട്ട്മെന്റ് ബോരഡിന്റെ തനത് ഫണ്ടിൽ നിന്നാണ് തനിക്ക് ശമ്പളമെന്നും മുൻ ചീഫ് സെക്രട്ടറി പറയുന്നു.















