ന്യൂയോർക്ക്: ഡ്രില്ലിംഗ് മെഷീൻ ഓർഡർ ചെയ്ത യുഎസ് പൗരനെ പറ്റിച്ച് ചൈനീസ് ഓൺലൈൻ കമ്പനി. ജോർജിയക്കാരനായ സിൽവസ്റ്റർ ഫ്രാങ്ക്ലിനാണ് ദുരനുഭവമുണ്ടായത്. 40 ഡോളറിന് ഒരു ഡ്രില്ലും ഒരു പ്രഷർ വാഷറും ഓർഡർ ചെയ്ത 68 കാരന് കമ്പനി അയച്ചുനൽകിയത് ഉപകരണത്തിന്റെ സ്ക്രൂ സഹിതമുള്ള ചിത്രം അച്ചടിച്ച പേപ്പറാണ്. ചൈനീസ് ഓൺലൈൻ വ്യാപാര വെബ്‌സൈറ്റായ അലിഎക്സ്പ്രസാണ് ഉപഭോക്താവിനെ പറ്റിച്ചത്.
വെബ്‌സൈറ്റിലെ അവിശ്വസനീയമായ ഓഫർ കണ്ടാണ് ഇയാൾ ഡ്രിൽ ഓർഡർ ചെയ്യുന്നത്. നവംബറിൽ നൽകിയ ഓർഡർ പാഴ്‌സലായി ഡിസംബറിൽ വീട്ടിലെത്തി. തുറന്നുനോക്കിയ സിൽവസ്റ്റർ കണ്ടത് ഡ്രില്ലിന്റെയും സ്ക്രൂവിന്റെയും ചിത്രമടങ്ങിയ പേപ്പറാണ്. നിരാശനായ സിൽവസ്റ്റർ ഉടൻതന്നെ റീഫണ്ടിനായി ഓൺലൈൻ കമ്പനിയെ ബന്ധപ്പെട്ടു. എന്നാൽ റീട്ടയിലേറെ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടും സിൽവസ്റ്ററിന് റീഫണ്ട് ലഭിച്ചില്ല. പിന്നാലെ ഇയാൾ സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച ചിത്രം പങ്കുവച്ച് പ്രതിഷേധമറിയിച്ചു.
ആലിബാബയുടെ അനുബന്ധ സ്ഥാപനവും ‘ചൈനയുടെ ആമസോൺ’ എന്നറിയപ്പെടുന്നതുമായ അലിഎക്സ്പ്രസ്, സംശയാസ്പദമായ ബിസിനസ്സ് രീതികളുടെ പേരിൽ വളരെക്കാലമായി വിമർശനങ്ങൾ നേരിടുന്നു. ബെറ്റർ ബിസിനസ് ബ്യൂറോയുടെ കണക്കനുസരിച്ച് , അലിഎക്സ്പ്രസ്സിന് ഡി-റേറ്റിംഗ് ഉണ്ട്. കൂടാതെ 1,131-ലധികം ഉപഭോക്തൃ പരാതികൾക്ക് മറുപടി നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഇത് പ്ലാറ്റ്‌ഫോമിലെ ഷോപ്പിംഗിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ ശക്തിപ്പെടുത്തുന്നതാണ്.