പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയൻ കോളനിയിലും, പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും, ലക്ഷ്മിയെയും വെട്ടി വീഴ്‌ത്തിയതും, ശേഷം രക്ഷപ്പെട്ടതുമെല്ലാം ചെന്താമര പൊലീസിനോട് വിവരിച്ചു.
ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ടതോടെ പ്രതി ചെന്താമരയെ ഉച്ചയ്‌ക്ക് 12.30നാണ് പോത്തുണ്ടി ബോയൻ കോളനിയിൽ എത്തിച്ചത്. ആദ്യം സുധാകരനെയും ലക്ഷ്മിയെയും വെട്ടിവീഴ്‌ത്തിയ റോഡിൽ ക്രൈം സീൻ പുനരാവിഷ്കരിച്ചു.
കൊലയ്‌ക്ക് ശേഷം വീട്ടിൽ കൊടുവാൾ വച്ച് വീടിന്റെ പിന്നിലൂടെ ചാടി, പാടത്തിലൂടെ ഓടി. ഇതിനിടെ സിം, ഫോൺ എന്നിവ ഉപേക്ഷിച്ചു. സമീപത്തെ കനാലിൽ വൈകുന്നേരം വരെ ഇരുന്നു. നേരം ഇരുട്ടി തുടങ്ങിയപ്പോൾ കനാലിലെ ഓവിലൂടെ മല കയറിയെന്നും ചെന്താമര പറഞ്ഞു. ചെന്താമര കൊടുവാൾ ഉപേക്ഷിച്ച വീട്ടിലും, ഓടിരക്ഷപ്പെട്ട പാടവരമ്പത്തും, മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ച കനാൽ അരികിലും വിശദമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്.
അരമണിക്കൂറോളം പ്രതിയുമായി തെളിവെടുപ്പ് തുടർന്നു. 500-ലേറെ പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷിയിലായിരുന്നു തെളിവെടുപ്പ്. നാട്ടുകാരിൽ നിന്നും വൈകാരിക പ്രകടനങ്ങൾ ഉണ്ടാവാതിരിക്കാൻ പൊതുജനങ്ങളെയും നിയന്ത്രിച്ചിരുന്നു. എന്നാൽ മറ്റ് പ്രശ്നങ്ങൾക്ക് ഇടനൽകാതെ നാട്ടുകാർ എല്ലാവരും തെളിവെടുപ്പിന് സഹകരിച്ചുവെന്നതും ശ്രദ്ധേയമാണ്.
ചൊവ്വാഴ്ച രാവിലെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ നിന്നാണ് ചെന്താമരയെ ആലത്തൂർ കോടതിയിൽ എത്തിച്ചത്. മുതിർന്ന പൊലീസുകാരടക്കം 373 ഉദ്യോഗസ്ഥരുടെ സുരക്ഷാവലയത്തിലായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ബുധനാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണി വരെയാണ് കസ്റ്റഡി കാലാവധി.















