തിരുവനന്തപുരം: മാനവീയം വീഥിയിലെ നീർമാതളം മരം നിൽക്കുന്ന ഇടം ഇനി മുതൽ പഞ്ചമി പെണ്ണിടം എന്ന് അറിയപ്പെടും. പൊതുഇടങ്ങൾ അപ്രാപ്യമായ സാധാരണ വനിതകൾക്ക് ഇടം ഒരുക്കുന്നതിനായി സംഘടിപ്പിക്കുന്ന ജില്ലാ വനിതാജംഗ്ഷന്റെ ഭാഗമായാണ് പുതിയ നാമകരണം. നിർഭയയെ പോലെയുള്ള അതിജീവിതകൾക്കായി ഇവിടെ അനശ്വരമായ കെടാവിളക്ക് കത്തിക്കുമെന്നും വനിതാജംഗ്ഷൻ സംഘാടകർ അറിയിച്ചു.
ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും വനിതാ ജംഗ്ഷൻ ഗംഭീരമായി ഏറ്റെടുത്തുവെന്നും ഏഴ് ലക്ഷം വനിതകൾ പരിപാടിയുടെ ഭാഗമായെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി സുരേഷ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ വനിതാ ജംഗ്ഷന്റെ ഉദ്ഘാടനം ഫെബ്രുവരി 7ന് വൈകുന്നേര0 അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.















