കൊൽക്കത്ത: സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡിന്റെ ആസ്ഥാനത്തിന് പുതിയ പേരുനല്കി കേന്ദ്രസർക്കാർ. ഫോർട്ട് വില്യം ഇനി മുതൽ ‘വിജയ് ദുർഗ്’ എന്ന പുതിയ പേരിൽ അറിയപ്പെടും. കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ സ്വാതന്ത്രമാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഫോർട്ട് വില്യമിന്റെ പുനർനാമകരണം. ഡിസംബറിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതെന്ന് കൊൽക്കത്തയിലെ പ്രതിരോധ മന്ത്രാലയത്തിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.
“ഡിസംബർ രണ്ടാം വാരത്തിലാണ് ഉത്തരവ് വന്നത്. എന്നാൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഉദ്യോഗസ്ഥർ തമ്മിലുള്ള ആഭ്യന്തര ആശയവിനിമയത്തിന് വിജയ് ദുർഗ് എന്ന പുതിയ പേരാണ് ഉപയോഗിക്കുന്നത്,”ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിങ് കമാൻഡർ ഹിമാൻഷു തിവാരി പറഞ്ഞു. കോട്ടയ്‌ക്കുള്ളിലെ മറ്റ് ചില കെട്ടിടങ്ങളുടെയും പേര് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഫോർട്ട് വില്യമിനുള്ളിലെ കിച്ചണർ ഹൗസിന്റെ പേര് മനേക്ഷാ ഹൗസ് എന്നും പുനർനാമകരണം ചെയ്തു, സെന്റ് ജോർജ്ജ് ഗേറ്റ് എന്ന് അറിയപ്പെടുന്ന സൗത്ത് ഗേറ്റ് ഇപ്പോൾ ശിവജി ഗേറ്റ് ആണ്,” ഹിമാൻഷു തിവാരി പറഞ്ഞു.
1781 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ചരിത്രപ്രധാനമായ കോട്ടയ്‌ക്ക് വില്യം മൂന്നാമൻ രാജാവിന്റെ പേരാണ് നൽകിയിരുന്നത്. ഛത്രപതി ശിവജിയുടെ കാലത്തെ നാവിക ഒളിത്താവളമായിരുന്ന മഹാരാഷ്‌ട്രയിലെ സിന്ധ്ദുർഗ് തീരത്തുള്ള ഏറ്റവും പഴക്കം ചെന്ന കോട്ടയായ വിജയ് ദുർഗിന്റെ പേരിലാണ് സൈനിക ആസ്ഥാനം പുനർനാമകരണം ചെയ്തിരിക്കുന്നത്.