അമരാവതി: ഹിന്ദു ആചാര നിയമങ്ങൾ ലംഘിച്ചതിന് 18 ജീവനക്കാർക്കെതിരെ അച്ചടക്ക് നടപടി സ്വീകരിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ബോർഡിന്റെ പ്രമേയം അനുസരിച്ച്, ഈ ജീവനക്കാരെ ടിടിഡി ക്ഷേത്രങ്ങളിലെയും അനുബന്ധ വകുപ്പുകളിലെയും ജോലികളിൽ നിന്ന് നീക്കം ചെയ്യും. ഹിന്ദു മതപരമായ പരിപാടികളിലോ ആചാരങ്ങളിലോ പങ്കെടുക്കുന്നതിൽ നിന്നും ഇവരെ വിലക്കി.
ഹിന്ദു ജീവനക്കാർ മാത്രമേ ടിടിഡിയിൽ ജോലി ചെയ്യാൻ പാടുള്ളുവെന്ന് ചെയർമാൻ ബി ആർ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിടിഡി ബോർഡ് മുമ്പ് പ്രസ്താവിച്ചിരുന്നു. എന്നാൽ 18 ജീവനക്കാർ അഹിന്ദു പാരമ്പര്യങ്ങൾ പിന്തുടരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ജീവനക്കാർക്ക് രണ്ട് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. ഈ ജീവനക്കാർക്ക് സർക്കാർ വകുപ്പുകളിലേക്ക് മാറുകയോ സ്വമേധയാ വിരമിക്കുകയോ (വിആർഎസ്) ചെയ്യാം. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ തുടർനടപടികൾ സ്വീകരിക്കും.
1989 ലെ എൻഡോവ്‌മെന്റ് ആക്ട് അനുസരിച്ച്, ടിടിഡി ജീവനക്കാർ ഹിന്ദു ആചാരങ്ങൾ പാലിക്കണം. ക്ഷേത്രത്തിന്റെ പവിത്രതയെയും ഭക്തരുടെ വികാരങ്ങളെയും ബാധിക്കുന്ന ലംഘനത്തിൽ ബോർഡ് ആശങ്ക പ്രകടിപ്പിച്ചു. തിരുമല ഹിന്ദു വിശ്വാസത്തിന്റെയും പവിത്രതയുടെയും പ്രതീകമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ബോർഡിനുണ്ടെന്ന് ബി ആർ നായിഡു പറഞ്ഞു.















