കുട്ടിക്കാലം മുതൽ മനസിലുള്ള ആഗ്രഹം സഫലീകരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. ഹിമാചൽപ്രദേശിൽ ഒരു കഫേ തുടങ്ങാൻ ഒരുങ്ങുകയാണ് കങ്കണ. ഫെബ്രുവരി 14-നാണ് കഫേ ഉദ്ഘാടനം ചെയ്യുന്നത്. വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന മണാലിയാണ് കഫേയുടെ ലൊക്കേഷൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് കങ്കണ ഇക്കാര്യം അറിയിച്ചത്.
മലനിരകൾക്കിടയൽ മുഴുവനായും തടികൊണ്ട് നിർമിച്ച അതിമനോഹരമായ കഫേയുടെ ചിത്രങ്ങൾ കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ദി മൗണ്ടെയ്ൻ സ്റ്റോറി’ എന്നാണ് കഫേയുടെ പേര്. കുട്ടിക്കാലത്തെ സ്വപ്നം സാക്ഷാത്കരിച്ചുവെന്നും ഇതൊരു സ്നേഹത്തിന്റെ കഥയാണെന്നും കങ്കണ കുറിച്ചു.
എല്ലാ തരത്തിലുള്ള പരമ്പരാഗത വിഭവങ്ങളും കഫേയിലുണ്ടായിരിക്കും. ഇതോടൊപ്പം കേക്ക്, സാൻവിച്ച്, പിസ എന്നിവയും അതിഥികൾക്കായി ഒരുക്കും. വർഷങ്ങൾക്ക് മുമ്പ്, തന്റെ സ്വപ്നത്തെ കുറിച്ച് കങ്കണ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. തനിക്ക് കഫേ തുടങ്ങാൻ ആഗ്രഹമുണ്ടെന്നും ലോകമെമ്പാടുമുള്ള ഭക്ഷണങ്ങൾ തന്റെ കഫേയിൽ ഉണ്ടായിരിക്കുമെന്നും കങ്കണ പറയുന്നുണ്ട്.
View this post on Instagram
സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച ബോളിവുഡ് നടിമാരുടെ റൗണ്ട് ടേബിളിലാണ് കങ്കണ തുറന്നുപറഞ്ഞത്. ഇത് കേട്ട ദീപിക പദുക്കോൺ ‘ഞാനായിരിക്കും നിങ്ങളുടെ ആദ്യത്തെ അതിഥി’ എന്ന് ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ഇതിന്റെ വീഡിയോ കങ്കണ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. എന്റെ കഫേയിലെ ആദ്യ അതിഥി നിങ്ങൾ തന്നെ ആയിരിക്കുമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.