അജിത് നായകനായ വിടാമുയർച്ചി നാളെ തിയേറ്ററുകളിലെത്തും. അഡ്വാൻസ് ബുക്കിംഗിലൂടെ ഒമ്പത് കോടിയാണ് ഇതുവരെ നേടിയത്. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം അജിത് മാസ് ലുക്കിലെത്തുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തല ആരാധകർ.
5,00,021 ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. തമിഴ്നാട്ടിൽ 7.87 കോടിയും കർണാടകയിൽ ഒരു കോടിയോളവും ചത്രം നേടിയിട്ടുണ്ട്. കണക്കുകൾ പ്രകാരം 9.23 കോടിയാണ് അഡ്വാൻസ് ബുക്കിംഗിലൂടെ സ്വന്തമാക്കിയത്. വിദേശത്തും അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പ് തുടരുകയാണ്. നോർത്ത് അമേരിക്കൻ മാർക്കറ്റിൽ നിന്ന് പ്രീമിയർ ഷോയിലൂടെ 2.11 കോടി നേടി. 5,612 ഷോകളിൽ നിന്ന് നാല് ലക്ഷം ടിക്കറ്റുകളും ഇതുവരെ വിറ്റു.
200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെ വിടാമുയർച്ചി വൻ ഹിറ്റായി മാറുമെന്നാണ് ആരാധകർ പറയുന്നത്. കേരളത്തിൽ രാവിലെ ഏഴ് മണി മുതലായിരിക്കും സിനിമയുടെ പ്രദർശനം ആരംഭിക്കുക.
അജിത്, അർജുൻ, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘മങ്കാത്ത’ എന്ന് ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അജിതും തൃഷയും വീണ്ടും ഒന്നിക്കുന്നുവെന്ന സവിശേഷതയും വിടാമുയർച്ചിക്കുണ്ട്.















