ധാക്ക : മുസ്‌ളീം തീവ്രവാദികളുടെ നേതൃത്വത്തിൽ വ്യാപകമായ അക്രമവും ആസൂത്രിതമായ കൊള്ളിവെപ്പും തുടരുന്നു ബംഗ്ലാദേശിൽ ഖുൽനയിലെ ഷെയ്ഖ് ബാരിയും തകർത്തതായി റിപ്പോർട്ട്.
ഷെയ്ഖ് മുജീബുർ റഹ്മാന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിൽ ഖുൽനയിലെ ഷേർ-ഇ-ബംഗ്ലാ റോഡിലുള്ള വീടാണ് പ്രാദേശികമായി “ഷെയ്ഖ് ബാരി” എന്നറിയപ്പെടുന്നത്. മുജീബിന്റെ ഇളയ സഹോദരനായിരുന്ന ഷെയ്ഖ് നാസറിന്റെ കുടുംബമാണ് ആണ് നിലവിൽ ഇവിടുത്തെ താമസക്കാർ. ഖുൽനയിലും തെക്കൻ മേഖലയിലും വളരെക്കാലമായി അധികാര കേന്ദ്രമായിരുന്നു ഷെയ്ഖ് ബാരി. ഓഗസ്റ്റ് 5-ന് അവാമി ലീഗ് സർക്കാർ വീഴുന്നതുവരെ, ബാഗർഹട്ട്-1 മണ്ഡലത്തിലെ മുൻ എംപിയും ഷെയ്ഖ് നാസറിന്റെ മകനുമായ ഷെയ്ഖ് ഹെലാലും, ബാഗർഹട്ട്-2 മണ്ഡലത്തിലെ മുൻ എംപിയുമായ ഷെയ്ഖ് ഹെലാലിന്റെ മകനായ ഷെയ്ഖ് തൻമോയിയും, ഷെയ്ഖ് ഹെലാലിന്റെ സഹോദരനും ഖുൽന-2 മണ്ഡലത്തിലെ മുൻ എംപിയുമായ ഷെയ്ഖ് ജുവലും ഈ വീട്ടിലാണ് താമസിച്ചിരുന്നത്.
ഇന്നലെ ധൻമോണ്ടി 32 വിനൊപ്പം ഷെയ്ഖ് ബാരിയും തകർക്കാൻ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘം “ബുൾഡോസർ ഘോഷയാത്ര”ക്ക് ആഹ്വാനം ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 9:00 മണിയോടെ അക്രമിസംഘം ഷെയ്ഖ് ഹസീനയ്‌ക്കും അവാമി ലീഗിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തി വീട് നശിപ്പിക്കാൻ തുടങ്ങി. പ്രതിഷേധക്കാർ രണ്ട് ബുൾഡോസറുകൾ ഉപയോഗിച്ച് വീടിന്റെ പ്രധാന ഗേറ്റും ചുറ്റുമതിലും പൊളിച്ചുമാറ്റി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയുടെ സർക്കാർ വീഴുന്നതിന് തൊട്ടുമുമ്പ്, ഖുൽനയിലെ ഷെയ്ഖ് ബാരിക്കെതിരെ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഷെയ്ഖ് ബാരിക്കെതിരെയുള്ള ആക്രമണം ഇപ്പോഴും തുടരുന്നതായാണ് ബംഗ്ലാദേശിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















