ഛത്രപജി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രം ‘ഛാവ’ തിയേറ്ററിലെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കേ സംഭാജിനഗറിലെ ഗ്രിഷ്ണേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനം നടത്തി വിക്കി കൗശൽ. ചിത്രത്തിന് വേണ്ടി നടത്തിയ പ്രത്യേക പൂജയിലും വിക്കി കൗശൽ പങ്കെടുത്തു. ഛാവയുടെ അണിയറ പ്രവർത്തകരോടൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്.
ലക്ഷ്മൺ ഉതേക്കർ സംവിധാനം ചെയ്യുന്ന ഛാവ ഈ മാസം 14-നാണ് തിയേറ്ററിലെത്തുന്നത്. സംഭാജി മഹാരാജാവിന്റെ പത്നിയായ യെശുഭായിയായി എത്തുന്നത് നടി രശ്മിക മന്ദാനയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സിനിമയുടെ പ്രമോഷൻ പരിപാടികൾ നടക്കുന്നുണ്ട്. പ്രമോഷനുകൾക്കിടെയാണ് വിക്കി കൗശലിന്റെ ക്ഷേത്രദർശനം.
അക്ഷയ് ഖന്ന, ഡയാന പെന്റി, ദിവ്യദത്ത, അശുതോഷ് റാണ എന്നിവരും ഛാവയിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. മഡോക് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമ റഷ്യയിലും റിലീസ് ചെയ്യാൻ പദ്ധതിയിടുകയാണ് അണിയറ പ്രവർത്തകർ.















