തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇന്ന്. രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ വാഗ്ദാനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വികസന പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്നാതണോ അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് എന്ന് ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയകേരളം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ സമർപ്പിക്കും. അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് നികുതിയേതര ഫീസുകൾ കൂട്ടിയേക്കും. വയനാട് പുനരധിവാസത്തിന് പ്രത്യേക പാക്കേജുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. വിഴിഞ്ഞ തുറമുഖം കേന്ദ്രീകരിച്ചുള്ള വികസനത്തിനായി പണം നീക്കിവയ്‌ക്കാനും സാധ്യത.
ജനക്ഷേമ പദ്ധതികൾ ഉണ്ടാകുമെന്ന് കണ്ടറിയാം. നികുതികളുടെ വർദ്ധനവിനും പുതിയ സെസുകൾക്കും സാധ്യതയുണ്ടെന്നും വയനാട് ദുരിതബാധിതർക്കുള്ള ധനസാഹയം തുടരുമെന്നുമാണ് വിലയിരുത്തൽ.
സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും. ഇവി വാഹനങ്ങളുടെ നികുതി ഇളവ് ഒഴിവാക്കാനും സാധ്യതയുണ്ട്. 12-ാം ശമ്പള പരിഷ്കരണ കമ്മീഷനും ബജറ്റിലുണ്ടായേക്കും. ക്ഷേമ പെൻഷൻ 100 രൂപ മുതൽ 200 രൂപ വരെ വർദ്ധനവ് പ്രതീക്ഷിക്കുന്നു.