ന്യൂഡൽഹി: സായുധ സേനയ്‌ക്ക് ഡ്രോണുകൾ വിതരണം ചെയ്യുന്ന ആഭ്യന്തര, സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് പ്രതിരോധമന്ത്രാലയം. ഡ്രോൺ നിർമ്മാണത്തിന് ചൈനീസ് ഘടകങ്ങൾ ഉപയോഗിക്കുന്ന കമ്പനികൾക്കെതിരെയാണ് നടപടി. സൈന്യത്തിനായി 400 ലോജിസ്റ്റിക് ഡ്രോണുകൾ നൽകുന്നതിനുള്ള മൂന്ന് കരാറുകൾ പ്രതിരോധമന്ത്രലയം റദ്ദാക്കി.
വാങ്ങുന്ന സൈനിക ഡ്രോണുകളിൽ ചൈനീസ് ഇലക്ട്രോണിക് ഘടകങ്ങളോ ദോഷകരമായ കോഡുകളോ ഇല്ലെന്ന് ഉറപ്പാക്കാൻ കർശനമായ സംവിധാനം നടപ്പിലാക്കുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങളുടെ സാന്നിധ്യം സൈബർ സുരക്ഷാ ഭീഷണി ഉയർത്തുമെന്നും ഡാറ്റ സുരക്ഷയും പ്രവർത്തനങ്ങളും അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
230 കോടിയുടെ 200 ഇടത്തരം, 100 ഹെവി വെയ്റ്റ്, 100 ലൈറ്റ് വെയ്റ്റ് ലോജിസ്റ്റിക്ക് ഡ്രോണുകൾക്കായുള്ള കരാറാണ് റദ്ദാക്കിയത്. അടിയന്തര സംഭരണ വ്യവസ്ഥകൾ പ്രകാരം 2023 സൈന്യം ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി കരാർ ഒപ്പുവച്ചിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കിഴക്കൻ ലഡാക്കിലെ കടന്നുകയറ്റത്തെ തുടർന്ന് ചൈനയുമായുള്ള 3,488 കിലോമീറ്റർ ദൈർഘ്യമുള്ള നിയന്ത്രണ രേഖയിൽ വിന്യസിക്കുന്നതിനായാണ് ഡ്രോണുകൾ വാങ്ങാൻ കരാർ ഒപ്പുവച്ചിരുന്നത്.