മനുഷ്യ മസ്തിഷ്കത്തിൽ ഒരു സ്‌പൂൺ അളവിലുള്ള നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കാമെന്ന് പഠനങ്ങൾ. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. 2024 ന്റെ തുടക്കത്തിൽ പോസ്റ്റ്‌മോർട്ടത്തിൽ ശേഖരിച്ച മനുഷ്യ മസ്തിഷ്ക സാമ്പിളുകളിലാണ് ഗവേഷകർ അവിശ്വസനീയമായ അളവിൽ മൈക്രോപ്ലാസ്റ്റിക്കും നാനോപ്ലാസ്റ്റിക്കും കണ്ടെത്തിയത്. ലച്ചോറിലെ സാമ്പിളുകളിൽ കാണപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്സിന്റെ അളവ് കാലക്രമേണ വർദ്ധിച്ചുവരുന്നതായി ഗവേഷകർ പറയുന്നു.
തലച്ചോറിലെ സാമ്പിളുകളിൽ അവരുടെ വൃക്കകളെയും കരളിനെയും അപേക്ഷിച്ച് ഏഴ് മുതൽ 30 മടങ്ങ് വരെ ചെറിയ പ്ലാസ്റ്റിക് കഷണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ വെളിപ്പെടുത്തി. ശരാശരി 45 അല്ലെങ്കിൽ 50 വയസ്സ് പ്രായമുള്ള സാധാരണ വ്യക്തികളുടെ തലച്ചോറിൽ കണ്ടെത്തിയ പ്ലാസ്റ്റിക്കിന്റെ സാന്ദ്രത 4,800 മൈക്രോഗ്രാം അല്ലെങ്കിൽ ഭാരം അനുസരിച്ച് 0.48% ആയിരുന്നു.
“2016 ലെ പോസ്റ്റ്‌മോർട്ടം തലച്ചോറ് സാമ്പിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് ഏകദേശം 50% കൂടുതലാണ്. അതായത് ഇന്നത്തെ നമ്മുടെ തലച്ചോറ് 99.5% തലച്ചോറും ബാക്കിയുള്ളത് പ്ലാസ്റ്റിക്കും ആണെന്ന് അർത്ഥമാക്കുന്നു”ആൽബുകെർക്കിലെ ന്യൂ മെക്സിക്കോ സർവകലാശാലയിലെ റീജന്റ്സ് പ്രൊഫസറും ഫാർമസ്യൂട്ടിക്കൽ സയൻസസ് പ്രൊഫസറുമായ മാത്യു കാംപെയ്ൻ പറഞ്ഞു.
ഡിമെൻഷ്യ ബാധിച്ച് മരിച്ച രോഗികളുടെ തലച്ചോറിൽ, ഡിമെൻഷ്യ ഇല്ലാത്ത മരിച്ചവരുടെ തലച്ചോറിനെ അപേക്ഷിച്ച്, മൈക്രോപ്ലാസ്റ്റിക് സാന്ദ്രത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. പാക്കേജിംഗ്, പാത്രങ്ങൾ, വസ്ത്രങ്ങൾ, ടയറുകൾ തുടങ്ങിയ നിത്യോപയോഗ വസ്തുക്കൾ വിഘടിക്കുന്നതിന്റ ഫലമായി ഉണ്ടാകുന്ന വളരെ ചെറിയ പ്ലാസ്റ്റിക് കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കും നാനോപ്ലാസ്റ്റിക്കും.