വി വിശ്വരാജ്
ഡോ. മാർക്ക് എസ്.ജി. ഡിച്കോവ്‌സ്‌കി ഇഹലോകവാസം വെടിഞ്ഞു. തത്വജ്ഞാനം തേടി സ്വാമി വിവേകാനന്ദനെ പിന്തുടർന്ന് ഈ മണ്ണിലേക്ക് വന്നു താന്ത്രികാചാര്യനായ യോഗി വര്യനാണ് പഞ്ചഭൂതങ്ങളിൽ ലയിച്ചത്.
ലണ്ടനിൽ 1951-ൽ ഒരു പോളിഷ് പിതാവിനും ഒരു ഇറ്റാലിയൻ മാതാവിനും ജനിച്ച ഡോ. മാർക്ക് എസ്.ജി. ഡിച്കോവ്‌സ്‌കി, കഴിഞ്ഞ 5 പതിറ്റാണ്ട് കൊണ്ട് സനാതന ധർമ്മം, കാശ്മീരി ശൈവം, തന്ത്രം, ഭാരതീയ തത്വശാസ്ത്രം എന്നീ മേഖലകളിൽ അതീവ പണ്ഡിത്യം നേടി. അവയിലൊക്കെ ആചാര്യനുമായി. ഭാരതീയ തത്വചിന്തകളും ആചാരങ്ങളും അറിവും ആഴത്തിൽ മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ, ഈ പാരമ്പര്യത്തെയും ധർമ്മത്തെയും കൂടുതല്‍ ഗൗരവമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി അദ്ദേഹം വിലപ്പെട്ട സംഭാവനകളാണ് നൽകിയത്.
ആത്മീയ യാത്രയും പഠനവും അംഗീകാരവും:
ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഇന്ത്യൻ തത്വശാസ്ത്രത്തിൽ ബിരുദം നേടി ഡോ. ഡിച്കോവ്‌സ്‌കി തന്റെ അക്കാദമിക് യാത്ര ഭാരതത്തിൽ ആരംഭിച്ചു. പിന്നീട്, ഓക്സ്ഫോർഡ് സർവകലാശാലയിൽ കാശ്മീരി ശൈവിസത്തിൽ ഡോക്ടറേറ്റ് നേടി. പ്രൊഫസർ അലക്സിസ് സാൻഡേഴ്സൺ ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ മാർഗദർശകൻ. 1976-ൽ പ്രശസ്ത കാശ്മീരി ശൈവ ആചാര്യനായ സ്വാമി ലക്ഷ്മൺജൂവിൽ നിന്ന് ദീക്ഷ സ്വീകരിച്ചതോടെ, അദ്ദേഹം ഈ പാരമ്പര്യത്തോടും സമ്പ്രദായത്തോടും ഭാരതത്തോടും ഉള്ള ആത്മീയ ബന്ധം അരക്കിട്ടുറപ്പിച്ചു.
കാശ്മീരി ശൈവത്തിനും തന്ത്രത്തിനും നൽകിയ സംഭാവനകൾ
ഏകദേശം അഞ്ചു പതിറ്റാണ്ടുകളായി ഡോ. ഡിച്കോവ്‌സ്‌കി കാശ്മീരി ശൈവതത്തിലും തന്ത്രത്തിലും ആഴത്തിലുള്ള പഠനം നടത്തി, അതിന്റെ പ്രചാരണത്തിനും മാർഗനിർദേശത്തിനും തന്റെ ജീവിതം തന്നെ അദ്ദേഹം സമർപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട എന്നല്ല അദ്ദേഹത്തിന്റെ ജീവിതം തന്നെ നൽകിയ രചന എന്ന് പറയുന്നത്ത് “തന്ത്രാലോക” എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ വിവർത്തനവും വ്യാഖ്യാനവുമാണ്. പ്രശസ്ത ശൈവ ആചാര്യനായ അഭിനവഗുപ്തന്റെ ഈ കൃതിയിലേക്കുള്ള അദ്ദേഹം നടത്തിയ കൃത്യമായ പഠനം, 45 വർഷത്തിലധികം നീണ്ടുപോയതാണ്. ഈ വലിയ സംഭാവന 11 വാല്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ജയരഥന്റെ വ്യാഖ്യാനത്തോടുകൂടിയ തന്ത്രാലോകയുടെ 37 അധ്യായങ്ങൾ അദ്ദേഹം പൂർണ്ണമായി വിവർത്തനം ചെയ്തിട്ടുണ്ട്.
അദ്ദേഹം ഈ ഗ്രന്ഥത്തിന്റെ ആദ്യ അദ്ധ്യായം വ്യാഖ്യാനത്തോടുകൂടി വിവർത്തനം ചെയ്തിട്ടുമുണ്ട്, അതിന്റെ ദാര്ശനിക ആഴം വ്യക്തമാക്കുന്നതിനായി വിശദമായ കുറിപ്പുകളും അദ്ദേഹം ചേർത്തിട്ടുണ്ട്.
ശൈവ പാഠഗ്രന്ഥങ്ങളുടെ സംരക്ഷണം ജീവിത സപര്യയക്കിയ യോഗി
ശൈവ പാഠഗ്രന്ഥങ്ങളുടെ സംരക്ഷണത്തിൽ ഡോ. ഡിച്കോവ്‌സ്‌കിയുടെ പങ്ക് വളരെ വലിയതാണ്. മുക്തബോധ ഡിജിറ്റൽ ലൈബ്രറി പ്രോജക്ടിലെ അക്കാദമിക് ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ശൈവ ആഗമ, തന്ത്ര പാഠങ്ങൾ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കി, ഇതിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഇടപെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, വരാണസി നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷകസംഘം, അപൂർവ്വ ശൈവ ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നു.
ഭാരതീയ സംസ്കാരത്തെയും ഹിന്ദുത്വത്തെയും കുറിച്ചുള്ള പഠനങ്ങൾ:
വ്യക്തമായ തത്വശാസ്ത്ര പാഠങ്ങൾ പഠിക്കുന്നതിന് പുറമേ, ഭാരതീയ സംസ്കാരത്തിലും ഡോ. ഡിച്കോവ്‌സ്‌കിക്ക് ആഴമുള്ള ഉൾക്കാഴ്ചയുണ്ട്. അദ്ദേഹം പ്രശസ്തമായ ഒരു സിതാർ വിദ്വാനാണ്, കൂടാതെ 1,500-ൽ അധികം സംഗീത രചനകൾ അദ്ദേഹം ശേഖരിച്ചിട്ടുമുണ്ട്. ഭാരതീയ തത്വചിന്തയും ഹിന്ദു ദർശനങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ധർമ്മ സംരക്ഷണത്തിനായി സ്വയം അർപ്പിച്ച ജീവിതം.
കാശ്മീരി ശൈവത്തേയും തന്ത്രദർശനത്തേയും പുനരാവിഷ്കരിക്കാനും സംരക്ഷണത്തിനും അതിന്റെ മഹത്വം ആഗോളതലത്തിൽ എത്തിക്കാനുമുള്ള ഡോ. ഡിച്കോവ്‌സ്‌കിയുടെ ശ്രമം എത്ര അഭിനന്ദിച്ചാലും അത് അധികമാവില്ല. അദ്ദേഹത്തിന്റെ വിവർത്തനങ്ങളും വ്യാഖ്യാനങ്ങളും ഈ രംഗത്തെ ഗവേഷകരും ആചാര്യരുമായുള്ളവർക്ക് എന്നും ഒരു അനുഗ്രഹമായിരിക്കും. ഋഷിവര്യന് ശിവപാദത്തിൽ മോക്ഷപ്രാപ്തി ലഭിക്കട്ടെ.
(വി വിശ്വരാജ് ഓർഗനൈസറിൽ എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ)