ന്യൂഡൽഹി: അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിൽ പ്രതികരണവുമായി ശശി തരൂർ എംപി. അനധികൃത കുടിയേറ്റക്കാർക്കായി ഇന്ത്യയ്ക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ലെന്ന് ശശി തരൂർ പറഞ്ഞു.
യുഎസ് അതിർത്തി അനധികൃതമായി കടക്കാൻ നോക്കിയത് 1,70,000 പേരാണ്. ബൈഡൻ ഭരണകൂടം 1100 പേരെ തിരിച്ചയച്ചു, 2022ലെ കണക്കു പ്രകാരം 7,25,000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ യുഎസിലുണ്ട്. രേഖകൾ ഇല്ലാത്തവരെ തിരിച്ചയക്കുന്നതിൽ എതിർപ്പ് ഇല്ലെന്നും തരൂർ വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കണമെന്ന് ഒരു രാജ്യത്തോടും ആവശ്യപ്പെടാൻ കഴിയില്ല. സ്വന്തം രാജ്യത്ത് പീഡനം അനുഭവിക്കുന്ന ജനതയ്‌ക്ക് മറ്റെവിടെയെങ്കിലും അഭയം തേടാൻ അന്താരാഷ്‌ട്ര നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഇന്ത്യയിൽ പീഡനം എന്ന് അവകാശപ്പെടാൻ ആർക്കും കഴിയില്ല. അതിനാൽ സാമ്പത്തിക നേട്ടത്തിനായാണ് അവർ അനധികൃതമായി യുഎസിലേക്ക് പോയത്.
നമ്മുടെ രാജ്യത്തെ നിയമങ്ങൾ ഇവിടെയെത്തുന്ന വിദേശികൾക്കും ബാധകമാണ്. അതുപോലെ നമ്മുടെ പൗരൻമാർ വിദേശത്തെത്തിയാൽ അവിടുത്തെ നിയമം പാലിക്കാൻ ബാധ്യസഥരാണെന്നും തരൂർ കൂട്ടിച്ചേർത്തു.















