ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും എണ്ണും. വിവിധ എക്സിറ്റ് പോളുകൾ ബിജെപി ജയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി നിയമസഭയിൽ 70 സീറ്റുകളാണ് ഉള്ളത്. ഭരണം പിടിക്കാൻ 36 സീറ്റു വേണം. 62 സീറ്റ് നേടിയാണ് 2020ൽ ആം ആദ്മി പാർട്ടി ഭരണം പിടിച്ചത്. 2015ൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയപ്പോൾ 67 സീറ്റുകൾ നേടിയിരുന്നു.
എക്സിറ്റ് പോളുകൾ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എക്സിറ്റ്പോൾ ഫലങ്ങളെ ആം ആദ്മി പാർട്ടി പൂർണമായും തള്ളികളഞ്ഞു.പരാജയ ഭീതിയിലായതോടെ ബിജെപി ഓപ്പറേഷൻ താമര ശ്രമം നടത്തുന്നുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
ഡൽഹിയിൽ ആകെ 94,51,997 വോട്ടുകൾ പോൾ ചെയ്തതായി കമീഷൻ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കി. ഇതനുസരിച്ച് 50,42,988 പുരുഷ വോട്ടർമാരും 44,08, 606 വനിതാ വോട്ടർമാരുമാണ് ഡൽഹിയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കണക്കനുസരിച്ച് 68.71 ശതമാനം വോട്ട് പോൾ ചെയ്ത സീലംപൂർ ഏറ്റവും മുന്നിലും 53.02 ശതമാനം പോൾ ചെയ്ത മെഹ്റൊളി മണ്ഡലം ഏറ്റവും പിന്നിലുമാണ്.
ആകെ 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്, എഎപിയും കോൺഗ്രസും 70 പേർ വീതവും ബിജെപിയുടെ 68 സ്ഥാനാർത്ഥികളും മത്സരിക്കുന്നു, സഖ്യകക്ഷികളായ ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (റാം വിലാസ്) എന്നീ പാർട്ടികൾ രണ്ട് സീറ്റുകളിൽ മത്സരിക്കുന്നു.