ധാക്ക : ബംഗ്ലാദേശിൽ മുസ്‌ളീം തീവ്രവാദികളുടെ നിയന്ത്രണത്തിൽ മൂന്നു നാൾ മുൻപ് തുടങ്ങിയ കലാപങ്ങൾ തുടരുന്നു. രാഷ്‌ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ബംഗബന്ധു ഭവനും, ഷെയ്ഖ് ഹസീനയുടെ വീടായിരുന്നു സുധാ സദനും, ഷെയ്ഖ് മുജീബുർ റഹ്മാന്റെ സഹോദരൻ ഷെയ്ഖ് അബ്ദുൽ നാസറിന്റെ വീടായിരുന്നു ഷെയ്ഖ് ബാരിയും മത തീവ്രവാദികൾ തകർത്തിരുന്നു. അതിന്റെ തുടർച്ചയായി നിരവധി അവാമി ലീഗ് നേതാക്കന്മാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റി. അക്രമത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. എന്നാൽ അക്രമത്തിനു മൗന പിന്തുണ നൽകുന്ന ഇടക്കാല സർക്കാർ മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓൺലൈൻ പ്രസംഗത്തിൽ പ്രതിഷേധിച്ചെന്ന രീതിയിൽ ഇസ്ലാമിക തീവ്രവാദികൾ തുടങ്ങി വെച്ച കലാപത്തിൽ ഷെയ്ഖ് മുജീബുർ റഹ്മാന്റെ നിരവധി ചിത്രങ്ങളും പ്രതിമകളും നശിപ്പിച്ചു. ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളും ഹസീനയ്‌ക്ക് പ്രധാനമന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് ഇടയാക്കിയ കലാപം നയിച്ച വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിലാണ് നടക്കുന്നതെങ്കിലും മുസ്‌ളീം തീവ്രവാദ ശക്തികളായ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ വ്യക്തമാണ്. കലാപകാരികൾ ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ രണ്ടും മൂന്നും നിരയിലെ നേതാക്കളുടെ വീടുകൾ രാജ്യവ്യാപകമായി തെരഞ്ഞു പിടിച്ച് തകർത്തു കഴിഞ്ഞു.
മിക്കയിടങ്ങളിലും പൊലീസും പട്ടാളവും അഗ്നിരക്ഷാസേനയും നോക്കു കുത്തികളാണ്. അവരുടെ സാന്നിധ്യത്തിലാണ് പരക്കെ അക്രമം അരങ്ങേറുന്നത്. പ്രതിഷേധം ആക്രമാസക്തമായതോടെ അഗ്നിരക്ഷാസേനയ്‌ക്ക് പലയിടത്തും ഫലപ്രദമായ ഇടപെടൽ നടത്താനാകുന്നില്ല എന്ന ന്യായമാണ് മുഹമ്മദ് യൂനുസിന്റെ സർക്കാർ പറയുന്നത്. മുജീബുർ റഹ്മാന്റെ ഓർമ്മകൾ ഉണർത്തുന്ന സ്മാരകങ്ങൾ ഫാസിസത്തിന്റെ ചിഹ്നങ്ങളാണെന്നും അവയെല്ലാം തകർക്കുമെന്നുമാണ് ഇസ്ലാമിക തീവ്രവാദികൾ അവകാശപ്പെടുന്നത്.
സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും കലാപത്തെ ശക്തമായി നേരിടുമെന്നും ഇടക്കാല സർക്കാർ പറയുന്നെങ്കിലും ഫലപ്രദമായ നടപടികൾ എടുക്കുന്നില്ല.















