കണ്ണൂർ: സംസ്ഥാന ബജറ്റിൽ ഭൂനികുതി വർധനവ് പ്രഖ്യാപിച്ച സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരെ സർക്കാർ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വർധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സർക്കാർ നിലപാട് കർഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത നേതൃസംഗമത്തിലാണ് ആർച്ച് ബിഷപ്പിന്റെ പരാമർശം.
കൃഷിഭൂമിയുടെ നികുതി വർദ്ധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആദായ മാർഗമായി മന്ത്രി കരുതുന്നുണ്ടെങ്കിൽ നിങ്ങൾ കർഷകനെ മാനിക്കുന്നില്ല എന്നാണ് അർത്ഥം. കർഷകന്റെ മഹത്വം അറിയുന്നില്ല. സർക്കാർ നിലപാട് കർഷക വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ ശമ്പളനിരക്ക് വർദ്ധിപ്പിക്കുന്നതിന് കർഷകരുടെ കഴുത്തിന് പിടിച്ചുഞെക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാട് കർഷക വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ നിലപാടിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഭൂനികുതി 50 ശതമാനം കുത്തനെ ഉയർത്തിയിരുന്നു. ഇതിനെതിരെയാണ് ആർച്ച് ബിഷപ്പ് ശക്തമായി പ്രതികരിച്ചത്.















