സനാതനധർമത്തെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി യോഗക്ഷേമസഭ. എം വി ഗോവിന്ദന് സനാതനധർമത്തെ കുറിച്ചും ബ്രാഹ്മണത്തെ കുറിച്ചും അറിയാത്തതുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് യോഗക്ഷേമസംഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. ജനംടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“സനാതനധർമത്തെ കുറിച്ച് അവർക്ക് അറിയില്ലെന്ന് പറയാനാകില്ല. ഇനി എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതാണോ എന്നും അറിയില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ബ്രാഹ്മണരോടുള്ള പുച്ഛത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ബ്രാഹ്മണരോട് പൊതുവെ സിപിഎമ്മിന് പുച്ഛമാണ്. അവരുടെ പ്രത്യാശാസ്ത്രത്തിലും അതുണ്ട്. പാർട്ടിയെ ഒരു കാലത്ത് നയിച്ചത് ഒരു നമ്പൂതിരിപ്പാടാണ് എന്നുള്ളത് ഇന്നത്തെ നേതാക്കൾ മറന്നുപോകുന്നു”.
ബ്രാഹ്മണരെ പൊതുസമൂഹത്തിന് മുന്നിൽ ഇകഴ്‌ത്തി കാട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റെ പല നേതാക്കളും ഇത്തരത്തിലുള്ള പല പരാമർശങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് സനാതനധർമത്തെ അവഹേളിക്കുന്ന തരത്തിൽ എം വി ഗോവിന്ദൻ സംസാരിച്ചത്. ബ്രാഹ്മണരുടെ കുട്ടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ ഉയർത്തിക്കൊണ്ട് നടക്കുന്നതാണ് സനാതനധർമം എന്നായിരുന്നു ഗോവിന്ദന്റെ പരാമർശം. ഹൈന്ദവ വിശ്വാസികളെയും ബ്രാഹ്മണരെയും ഒന്നടങ്കം അവഹേളിക്കുന്ന പരാമർശമാണ് എം വി ഗോവിന്ദൻ നടത്തിയത്.















