കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം രൂക്ഷമായികൊണ്ടിരിക്കെ അതിർത്തിയിൽ സുരക്ഷാ ശക്തമാക്കി സൈന്യം. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഹിന്ദി, അറബിക്, ഉറുദു ഭാഷകളിൽ സംശയാസ്പദമായ സിഗ്നലുകൾ ഹാം റേഡിയോ ഓപ്പറേറ്റർമാർ കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസമായി ദക്ഷിണ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അമച്വർ ഹാം റേഡിയോ ഓപ്പറേറ്റർമാർ അർദ്ധരാത്രി സംശയാസ്പദമായ റേഡിയോ സിഗ്നലുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് തീവ്രവാദ പ്രവർത്തനങ്ങളുടെ സാധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബറിൽ നോർത്ത് 24 പർഗാനയിലെ ബാസിർഹട്ട്, ബോംഗാവ് എന്നിവിടങ്ങളിൽ നിന്നും സൗത്ത് 24 പർഗാനയിലെ സുന്ദർബൻസിൽ നിന്നും കോഡ് ചെയ്ത ബംഗാളി, അറബിക്, ഉറുദു ഭാഷകളിലുള്ള അനധികൃത ആശയവിനിമയങ്ങൾ ഹാം റേഡിയോ ഓപ്പറേറ്റർമാർ കണ്ടെത്തിയതോടെയാണ് സംഭവം ആദ്യമായി പുറത്തുവന്നത്.
ഈ പ്രക്ഷേപണങ്ങളിൽ പരിഭ്രാന്തരായ ഓപ്പറേറ്റർമാർ വാർത്താവിനിമയ മന്ത്രാലയത്തെ വിവരം അറിയിച്ചു. തുടർന്ന് ഈ സിഗ്‌നലുകൾ ട്രാക്കിംഗിനായി കൊൽക്കത്തയിലെ ഇന്റർനാഷണൽ മോണിറ്ററിംഗ് സ്റ്റേഷനിലേക്ക് (റേഡിയോ) അയച്ചു. സമാനമായ സിഗ്നലുകൾ വീണ്ടും കണ്ടെത്തിയാൽ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഹാം റേഡിയോ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിർത്തിയിൽ അജ്ഞാതമായ റേഡിയോ സംഭാഷണങ്ങൾ നടക്കുന്നത് ആശങ്കാജനകമാണെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവയുടെ പാറ്റേണും ഭാഷാ പ്രയോഗവും അസാധാരണമായിരുന്നുവെന്ന് പശ്ചിമ ബംഗാൾ റേഡിയോ ക്ലബ്ബിന്റെ സെക്രട്ടറി അംബരീഷ് നാഗ് ബിശ്വാസ് പറയുന്നു. കള്ളക്കടത്തുകാരും തീവ്രവാദ ഗ്രൂപ്പുകളും ഹാം റേഡിയോ ഫ്രീക്വൻസികൾ ഉപയോഗിക്കുന്നുണ്ടെന്നും മൊബൈൽ നെറ്റ്‌വർക്കുകളെയോ ഇമെയിലുകളെയോ അപേക്ഷിച്ച് ഇവ ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.