ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രം ഛാവയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. സിനിമ തിയേറ്ററിലെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഛാവയ്‌ക്ക് വേണ്ടിയുള്ള തയാറെടുപ്പുകളുടെ വീഡിയോ പങ്കുവക്കുകയാണ് നടൻ വിക്കി കൗശൽ. ഈ മാസം 14-നാണ് ഛാവ തിയേറ്ററുകളിലെത്തുന്നത്.
കളരി അഭ്യസിക്കുന്നതിന്റെയും വർക്കൗട്ട് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ വിക്കി കൗശൽ പങ്കുവച്ചു. അതോടൊപ്പം കഥാപാത്രത്തിന്റെ പൂർണതയിലെത്താൻ കാത് കുത്തുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘ഛാവയ്‌ക്ക് വേണ്ടിയുള്ള തയാറെടുപ്പിന്റെ നല്ല ദിവസങ്ങൾ, 14-ന് തിയേറ്ററിൽ കാണാം’- എന്നാണ് വിക്കി കൗശൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
View this post on Instagram
പോസ്റ്റിന് പിന്നാലെ ആശംസകളുമായി ആരാധകരും എത്തി. ഛാവ കാണാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകർ കുറിച്ചു. ചിത്രത്തിന് വേണ്ടി കുതിര സവാരി ഉൾപ്പെടെയുള്ള പരിശീലനങ്ങൾ വിക്കി നടത്തിയിരുന്നു.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സംഭാജി മഹാരാജാവിന്റെ ഭാര്യ യെശുഭായ് ആയാണ് രശ്മിക എത്തുന്നത്. കഥകളിലൂടെ കേട്ട മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവിനെ ആഴത്തിൽ പരിചയപ്പെടുത്തുന്ന സിനിമയാണ് ഛാവ.















