ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധമേഖലയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി രാജ്യത്ത് പുതുതായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) യുദ്ധവിമാനത്തിൽ എഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തും. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയാണ് നൂതന സാങ്കേതികവിദ്യയോട് കൂടി യുദ്ധവിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ ആരംഭിക്കുന്ന ‘എയ്റോ ഇന്ത്യ 2025’ ഷോയിൽ എഎംസിഎ പ്രദർശിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുദ്ധവിമാനത്തിൽ എഐ സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എഎംസിഎ വിമാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് ഏറെ സഹായകരമായിരിക്കുമെന്നും വിവിധ വെല്ലുവിളികൾ ഇല്ലാതാക്കാനാകുമെന്നും അധികൃതർ അറിയിച്ചു. ഇത് വിമാനങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
നാളെ (ഫെബ്രുവരി 10) മുതൽ 14 വരെയാണ് ഏഷ്യയിലെ ഏറ്റവും മികച്ച എയ്റോസ്പേസ് പ്രദർശനം നടക്കുന്നത്. ബെംഗളൂരുവിലെ യെലഹങ്കയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.















