ഏറെ നാളുകളുടെ ഇടവേളയ്‌ക്ക് ശേഷം ഫോമിലേക്ക് എത്തി രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് താരം ആക്രമണ ശൈലിയിൽ അഴിഞ്ഞാടിയത്. 30 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ താരം അതേ ശൈലിയിൽ ബാറ്റിംഗ് തുടരുകയായിരുന്നു. 4 പടുകൂറ്റൻ സിക്സും 4 ഫോറുകളുമാണ് താരം ഇതുവരെ നേടിയത്.
സ്വതസിദ്ധ ശൈലിയിലേക്ക് വരാൻ രോഹിത് അല്പം സമയമെടുത്തെങ്കിലും താളം കണ്ടെത്തിയ പാടെ അടി തുടങ്ങുകയായിരുന്നു. 35 റൺസുമായി ശുഭ്മാൻ ഗില്ലും നല്ല ടച്ചിലാണ് ബാറ്റ് ചെയ്യുന്നത്. 12.2 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 96 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അതേസമയം 6.1 ഓവറില്‍ ഇന്ത്യ 48 റണ്‍സടിച്ച് നില്‍ക്കെ ഫ്‌ളഡ്‌ലൈറ്റ് പണി തന്നിരുന്നു. ഇതോടെ മത്സരം അല്പ നേരം നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു.
ഏകദിനത്തിൽ ഏറ്റവും അധികം സിക്സറുകൾ നേടുന്ന രണ്ടാമത്തെ താരവുമായി രോഹിത് ശർമ. വിൻഡീസ് താരം ക്രിസ് ഗെയ്ലിനെ മറികടന്ന് 334 സിക്സുകളാണ് ഹിറ്റ്മാൻ നേടിയത്. ഗെയിൽ 331 സിക്സുകളാണ് പറത്തിയത്. ഒന്നാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രീദി 351 സിക്സുകൾ കരിയറിൽ അതിർത്തി വര കടത്തിയിട്ടുണ്ട്.















