ബെംഗളൂരു: പതിനഞ്ചാമത് എയ്‌റോ ഇന്ത്യ ഷോ ഇന്ന് (ഫെബ്രുവരി 10) ആരംഭിക്കും.ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യ ഷോ യെലഹങ്ക വ്യോമതാവളത്തിലാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ 14 വരെ നടക്കുന്ന എയർ ഷോയിൽ സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖർ പങ്കെടുക്കും.
എയ്‌റോ ഇന്ത്യ ഷോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. എയ്‌റോ ഇന്ത്യയുടെ ആദ്യ മൂന്ന് ദിവസങ്ങളായ ഫെബ്രുവരി 10, 11, 12 തീയതികൾ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കായിരിക്കും പ്രവേശനം. 13, 14 തീയതികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. വ്യോമയാന മേഖലയിൽ നിന്നുള്ളവയുൾപ്പെടെ നിരവധി സൈനിക പ്രദർശനങ്ങൾ എയർ ഷോയിൽ ഉൾപ്പെടുന്നു.
2025-26 വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30,000 കോടി രൂപ കടക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച പ്രഖ്യാപിച്ചു.എയ്‌റോ ഇന്ത്യ 2025 ന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ മേഖലയിലും പ്രതിരോധ മേഖലയിലും തദ്ദേശീയവൽക്കരണം പ്രോത്സാഹിപ്പിക്കുക, അത്യാധുനിക സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുക എന്നതാണ് എയ്‌റോ ഇന്ത്യയുടെ ലക്ഷ്യം. 700-ലധികം പ്രദർശകർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. എയർ ഷോയ്‌ക്കിടെ ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ കോർപ്പറേഷനും ജില്ലാ ഭരണകൂടവും എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.















