കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി കോടതി. ഷൈൻ ഉൾപ്പെടെയുള്ള കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടാണ് കോടതിയുടെ ഉത്തരവ്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ഷൈനെയും സുഹൃത്തുക്കളെയും ലഹരിമരുന്നായ കൊക്കൈൻ ഉപയോഗിച്ചെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കൊക്കൈൻ കേസായിരുന്നു ഇത്. ഷൈൻ സിനിമയിലേക്ക് കടന്നുവരവ് നടത്തിയ കാലഘട്ടത്തിലാണ് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ സ്‌മോക്ക് പാർട്ടി നടത്തിയെന്ന കേസിൽ ഷൈൻ ടോം ചാക്കോയേയും മോഡലുകളെയും അറസ്റ്റ് ചെയ്യുന്നത്. കടവന്ത്ര പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.കേസിൽ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാളൊഴികെ മറ്റെല്ലാ പ്രതികളും കേസിൽ വിചാരണ നേരിട്ടിരുന്നു.
എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് എല്ലാപ്രതികളെയും വെറുതേവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. കേസിൽ അഡ്വ. രാമൻപിള്ളയാണ് ഷൈൻ ടോമിനുവേണ്ടി കോടതിയിൽ ഹാജരായിരുന്നത്. പ്രതികളുപയോഗിച്ചത് കൊക്കൈനല്ല എന്ന് തെളിയിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. കൂടാതെ കേസിന്റെ വിചാരണയിൽ നേരിട്ട കാലതാമസവും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.















