കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പൊക്കുന്ന് നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് മരിച്ചത്.
രണ്ട് വർഷ മുമ്പ് നിസാറിന്‍റെ ആദ്യത്തെ കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്. 14 ദിവസമായിരുന്നു അന്ന് കുഞ്ഞിന്റെ പ്രായം. നിസാറിന്റെ ഭാര്യവീട്ടില്‍ വച്ചാണ് രണ്ട് കുഞ്ഞുങ്ങളും മരണപ്പെട്ടത്. ഇതോടെയാണ്
അസ്വാഭാവികത ചൂണ്ടിക്കാട്ടി നിസാർ ഭാര്യ വീട്ടുകാര്‍ക്കെതിരെ പരാതി നൽകിയത്.
രണ്ടാഴ്ച മുൻപ് കുഞ്ഞ് ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണിരുന്നു. അന്ന് കുഞ്ഞിനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ഭാര്യവീട്ടുകാര്‍ തയാറായിരുന്നില്ല. അന്ന് കാര്യമായ പരിക്കേൽക്കാത്തതിനാൽ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ഇതുപോലെ ഭാര്യ വീട്ടുകാരുടെ പെരുമാറ്റത്തിൽ നിരവധി അസ്വാഭാവികതകള്‍ തോന്നിയതിനെ തുടർന്നാണ് പിതാവ് പൊലീസിനെ സമീപിച്ചത്.















