പാരിസിലെ ആഗോള AI ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനങ്ങളെ പിന്തുണച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. മനുഷ്യർക്ക് പകരമാവാൻ നിർമിത ബുദ്ധിക്ക് സാധിക്കില്ലെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ ജെഡി വാൻസ് കടമെടുത്തു. മോദിയുടെ പ്രസ്താവനയെ പ്രശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
The AI Action Summit in Paris is a commendable effort to bring together world leaders, policy makers, thinkers, innovators and youngsters to have meaningful conversations around AI. pic.twitter.com/kSXy0FhuIT
— Narendra Modi (@narendramodi) February 11, 2025
AI ഉത്പാദനക്ഷമ വർദ്ധിപ്പിക്കുകയും ജോലികൾ സുഗമമാക്കുകയും ചെയ്യും. അല്ലാതെ AI ഒരിക്കലും മനുഷ്യർക്ക് പകരമാവില്ല. നിർമിത ബുദ്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും ആശങ്കയോടെയാണ് പല നേതാക്കളും അഭിപ്രായപ്രകടനങ്ങൾ നടത്താറുള്ളത്. തൊഴിലാളികൾക്ക് ബദലായി AI വരുമെന്നതാണ് പലരുടെയും ആശങ്ക. എന്നാൽ ഒരു കാര്യം പറയാൻ എല്ലാവരും വിട്ടുപോകുന്നു. നമ്മെ കൂടുതൽ ഉത്പാദനക്ഷമതയുള്ളവരാക്കി AI മാറ്റും. കൂടുതൽ പുരോഗതിയും കൂടുതൽ സ്വാതന്ത്ര്യവും AI നൽകും. – ജെഡി വാൻസ് പറഞ്ഞു.
സാങ്കേതികവിദ്യ കാരണം ജോലികൾ ഇല്ലാതാകില്ലെന്നായിരുന്നു AI ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പാരിസിൽ പറഞ്ഞത്. AIയെക്കുറിച്ച് ഏറ്റവും ഭയക്കുന്ന കാര്യം അത് ജോലികൾ ഇല്ലാതാക്കുമെന്നാണ്. എന്നാൽ ചരിത്രം ഒരുകാര്യം തെളിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ കാരണം ജോലികൾ ഇല്ലാതാകുകയില്ല. ജോലികളുടെ സ്വഭാവം മാറുകയാണ് ചെയ്യുക. പുതിയതരം ജോലികൾ സൃഷ്ടിക്കപ്പെടും. അതിനാൽ AI നയിക്കുന്ന ഭാവികാലത്തെ അഭിമുഖീകരിക്കാൻ നമ്മുടെ തൊഴിൽശക്തിയെ പരുവപ്പെടുത്തുകയാണ് വേണ്ടത്. നൈപുണ്യത്തിലും പുനർനൈപുണ്യത്തിലും നാം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതായി വരുന്നു.
ചിലയാളുകൾ യന്ത്രങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. മനുഷ്യന്റെ ബുദ്ധിശക്തിയേക്കാൾ മികച്ചതായി യന്ത്രങ്ങൾ മാറുമോയെന്നായിരുന്നു ആശങ്ക. എന്നാൽ നമ്മുടെ ഭാവിയുടെ താക്കോൽ നമ്മൾ മനുഷ്യരുടെ കൈവശമാണുള്ളത്. ആ ഉത്തരവാദിത്തബോധമാകണം നമ്മെ നയിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആയിരുന്നു AI ഉച്ചകോടിക്ക് സഹഅദ്ധ്യക്ഷത വഹിച്ചത്. പാരിസിലെ Grand Palaisൽ വച്ചാണ് ഉച്ചകോടി നടക്കുന്നത്. നിരവധി അന്താരാഷ്‌ട്ര സംഘടനകളുടെ മേധാവിമാരും രാഷ്‌ട്രത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.















