ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഓർത്തോഡോക്സ് സഭ. ഇരുട്ടിനെ കൂരിരുട്ടാക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഓർത്തോഡോക് സഭാ അദ്ധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ പറഞ്ഞു.
മദ്യത്തിന്റെ കുത്തൊഴുക്കുള്ള സമൂഹമാണിത്. ബ്രൂവറിയിലൂടെ ഈ സമൂഹത്തിൽ വീണ്ടും അതിനുള്ള സാഹചര്യമൊരുക്കുകയാണ് സർക്കാർ. ആശാസ്യമായ നടപടിയല്ല ബ്രൂവറി. ഇതിനെതിരെ ജനം പ്രതികരിക്കുന്നെങ്കിൽ അതിശയിക്കാനില്ല. ഈ സമൂഹത്തെ മദ്യം ഒഴുക്കി നശിപ്പിക്കരുതെന്നും കത്തോലിക്കാ ബാവ പറഞ്ഞു. 108-ാമത് മാക്കാംകുന്ന് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു സഭാദ്ധ്യക്ഷൻ.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടി മനുഷ്യർ മനുഷ്യരെ കൊന്നൊടുക്കുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ ചെറുവിരൽ അനക്കാതെ ബ്രൂവറി പോലുള്ള മദ്യ ഒഴുക്കുണ്ടാക്കുന്നതിന് സർക്കാർ ശ്രമിക്കുന്നത് ഇരുട്ടിനെ കൂരിരുട്ടാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സഭാദ്ധ്യക്ഷന്റെ ഓർമപ്പെടുത്തൽ.















