മക്കൾക്ക് പേരിട്ടതിന്റെ പേരിൽ ‘എയറി’ലായ യൂട്യൂബറാണ് ഗായകൻ വിജയ് മാധവ്. ആദ്യത്തെ മകന് ആത്മജ മഹാദേവ് എന്ന് പേരിട്ടപ്പോൾ നിരവധി വിമർശനം താരം ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷം രണ്ടാമത് മകൾ ജനിച്ചപ്പോൾ ഓം പരമാത്മ എന്ന പേരിട്ടതും വലിയ വാർത്തയായി. പേരിന്റെ പേരിൽ വിജയ് മാധവും ഭാര്യ ദേവിക നമ്പ്യാരും സൈബറാക്രമണം പോലും നേരിട്ടു. എന്തുകൊണ്ടാണ് ഇത്തരം പേരുകൾ തിരഞ്ഞെടുക്കുന്നതും ഇഷ്ടപ്പെടുന്നതുമെന്ന് വിശദീകരിച്ച് ദമ്പതികൾ രംഗത്തെത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ വൈകാരികമായിട്ടായിരുന്നു ദേവിക നമ്പ്യാർ യൂട്യൂബിലൂടെ പ്രതികരിച്ചത്. രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ വന്ന മോശം പരാമർശങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് കരഞ്ഞുകൊണ്ട് ദേവിക പറഞ്ഞു. മോശം കമന്റുകൾ ഇടാതിരിക്കാൻ ശ്രമിക്കണമെന്നും അവർ ഫോളോവേഴ്സിനോട് അഭ്യർത്ഥിച്ചു. കൂടാതെ വിമർശകർ ഉന്നയിക്കുന്നതുപോലെ തന്റെ ഭർത്താവ് അന്ധവിശ്വാസിയോ സൈക്കോയോ ഭ്രാന്തനോ അല്ലെന്നും ദേവിക അടിവരയിട്ട് പറഞ്ഞു. ഫോളോവേഴ്സ് പലപ്പോഴായി ഉന്നയിച്ച സംശയങ്ങൾക്കും വിമർശനങ്ങൾക്കും വൈകാരികമായി മറുപടി നൽകിയാണ് ദേവിക വീഡിയോ പോസ്റ്റ് ചെയ്തത്. പേരിന്റെ പേരിലുള്ള വിവാദം നിർത്താൻ വീണ്ടുമാവശ്യപ്പെട്ട് ദമ്പതികൾ മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുകയാണ്.
താൻ ഇനി ആർക്കും പേരിടില്ലെന്ന് വിജയ് മാധവ് വ്യക്തമാക്കി. ഇനിയൊരു കുഞ്ഞ് ജനിച്ചാലും അതിന് പേരിടുന്നത് താൻ ആയിരിക്കില്ല. ആദ്യ മകന്, സ്ഥാപനത്തിന്, രണ്ടാമത്തെ മകൾക്ക്, ശേഷം തുടങ്ങിയ ഡിസൈനർ സ്ഥാപനത്തിന് എല്ലാം പേരിട്ടത് താനാണ്. ആത്മജ മഹാദേവ്, ആത്മജ സെന്റർ, ഓം പരമാത്മ, ഓം ഡിസൈനേഴ്സ് എന്നിങ്ങനെ നാല് പേരുകൾ നൽകിയിരുന്നു. ഇതോടെ പേരിടൽ പരിപാടി താൻ അവസാനിപ്പിക്കുകയാണെന്നാണ് വിജയ് മാധവ് പറയുന്നത്. മക്കൾക്കോ സ്ഥാപനത്തിനോ നൽകിയ പേരുകൾ പുനർനാമകരണം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പേര് ഇഷ്ടമില്ലെങ്കിൽ അത് ഭാവിയിൽ മാറ്റുന്നതിന് മക്കൾക്ക് താനൊരു തടസം നിൽക്കില്ലെന്നും താരം വ്യക്തമാക്കി.
ഫോളോവേഴ്സിനെ കുടുംബമായാണ് കാണുന്നത്. ആ കുടുംബത്തിലുണ്ടായ ചെറിയ പൊട്ടലും ചീറ്റലും മാത്രമായി കഴിഞ്ഞുപോയ സംഭവങ്ങളെ നോക്കിക്കാണുന്നു. എല്ലാവിധ വിമർശനങ്ങളും ഉന്നയിച്ചവരോട് സ്നേഹം മാത്രമേയുള്ളൂവെന്നും ദമ്പതികൾ പറഞ്ഞു.















