വാഷിംഗ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ മേധാവി തുൾസി ഗബ്ബാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെയുള്ള മോദിയുടെ തിരക്കേറിയ യുഎസ് ഷെഡ്യൂളിലെ നിരവധി കൂടിക്കാഴ്ചകളിൽ ഒന്നായിരുന്നു ഇത്. തുൾസി ഗബ്ബാര്‍ഡുമായുള്ള തന്റെ മുൻ മീറ്റിങ്ങുകൾ പ്രധാനമന്ത്രി സ്‌നേഹപൂര്‍വ്വം അനുസ്മരിച്ചു.
തുൾസി ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് , ഇന്ത്യ-യുഎസ് സൗഹൃദത്തെക്കുറിച്ച് അവരുമായി ചർച്ച ചെയ്തതായും ട്രംപിന്റെ ദേശീയ ഇന്റലിജൻസ് ഡയറക്ടറായതിന് അവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമായും ഉഭയകക്ഷി രഹസ്യാന്വേഷണ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍. തീവ്രവാദ വിരുദ്ധത, സൈബര്‍ സുരക്ഷ, ഉയര്‍ന്നുവരുന്ന ഭീഷണികള്‍, തന്ത്രപരമായ ഇന്റലിജന്‍സ് പങ്കിടല്‍ എന്നിവയില്‍ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിക്കും.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്കായി വാഷിങ്ടന്‍ ഡിസിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയര്‍ ഹൗസിന് മുന്നില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു.
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാകും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ഡൊണാള്‍ഡ് ട്രംപിനെ ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.