കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖസൂചകമായി കൊയിലാണ്ടി നഗരസഭയിലെ ഒമ്പത് വാര്‍ഡുകളിൽ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും.
നഗരസഭയിലെ 17,18 വാര്‍ഡുകളിലും 25 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലുമാണ് ഹര്‍ത്താല്‍ ഉണ്ടാവുക . കാക്രട്ട്കുന്ന്, അറുവയല്‍, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമല്‍, കോമത്തകര, കോതമംഗലം എന്നീ വാര്‍ഡുകള്‍ക്കാണ് ഹര്‍ത്താല്‍ ബാധകം.
അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ എട്ടുമണിയോടെ നടക്കും. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി ചീഫ് കണ്‍സര്‍വേറ്റരോടും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉത്തരവിട്ടിട്ടുണ്ട്.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ കരിമരുന്ന് പ്രയോഗം നടന്നതിനിടെയാണ് സംഭവം. ആന വിരണ്ടോടിയപ്പോള്‍ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. എട്ടുപേരുടെ നില ഗുരുതരമാണ്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.















