ന്യൂഡൽഹി : വഖഫ് ഭേദഗതി അംഗീകരിക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഇന്ത്യൻ മുസ്ലീങ്ങളെ കമ്മിറ്റി പൂർണമായും അവഗണിച്ചുവെന്നും പുതിയ നിയമം സ്വീകാര്യമല്ലെന്നും ബോർഡ് പറയുന്നു.
തങ്ങൾ രോഷാകുലരാണെന്നും, സർക്കാരിനെതിരെ പോരാട്ടത്തിനിറങ്ങുമെന്നും അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു. വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബിൽ, 2024 സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) റിപ്പോർട്ടിനെതിരെ ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖാലിദ് സൈഫുള്ള റഹ്മാനി പ്രതികരിച്ചത്.
വഖഫ് സ്വത്തുക്കൾക്ക് ഭീഷണി ഉയർത്തുന്നതും മുസ്ലീങ്ങളുടെ പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, ദർഗകൾ, ശ്മശാനങ്ങൾ എന്നിവ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നതുമായ ഈ ബിൽ പിൻവലിക്കാൻ സർക്കാരിന് ഇപ്പോഴും അവസരമുണ്ടെന്ന് അവർ പറഞ്ഞു.
ഉത്തരാഖണ്ഡ് സർക്കാർ നടപ്പിലാക്കിയ യുസിസിയെ കോടതിയിൽ വെല്ലുവിളിക്കുമെന്നും ഇതിനെതിരെ ഐക്യ പ്രസ്ഥാനം ആരംഭിക്കുമെന്നും ബോർഡ് പ്രതികരിച്ചു. “ഞങ്ങൾ ഇത് അംഗീകരിക്കുന്നില്ല. ഞങ്ങൾ അതിനെതിരെ അവസാനം വരെ പോരാടും.” ബോർഡ് പറഞ്ഞു















