വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലെ കൂടിക്കാഴ്ച. രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ രാജ്യത്തലവനാണ് മോദി. വിവിധ വിഷയങ്ങള്‍ ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷവും ബന്ധം തുടര്‍ന്നു. അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് വൈറ്റ് ഹൗസിലെ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും യുഎസ് അതേ നികുതി ചുമത്തും എന്ന് ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സൈനികവ്യാപാരം വര്‍ധിപ്പിക്കും. എഫ്- 35 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഇടനാഴിയായിരിക്കും ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കുക.ഇന്ത്യയ്‌ക്ക് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.
“ഇന്ത്യയും യു.എസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. യു.എസിന്റെ ദേശീയ താത്പര്യങ്ങള്‍ക്കാണ് ട്രംപ് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. അദ്ദേഹത്തെപ്പോലെ താനും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ട്രംപിന്റെ ആദ്യകാലയളവിലേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും.” മോദി വ്യക്തമാക്കി.
യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങും’ – മോദി പറഞ്ഞു.
വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു.















