കണ്ണൂർ: സഹപാഠികളുടെയും അദ്ധ്യാപികമാരുടെയും ചിത്രം മോർഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിച്ച മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കണ്ണൂരിൽ കേസെടുത്തു. സ്വകാര്യ കോളജിലെ ബിരുദ വിദ്യാർത്ഥികളായ മുഹമ്മദ് ഷാൻ, അഖിൽ, ഷാരോൺ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റൊരു വിദ്യാർത്ഥി കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
കോളജിൽ വെച്ച് എടുത്ത ചിത്രങ്ങൾ പ്രതികളുടെ ഫോണിന്റെ ഗാലറിൽ നോക്കുന്നതിനിടെ സഹപാഠികളാണ് മോർഫ് ചെയ്ത് അശ്ലീലമാക്കിയ ചിത്രങ്ങൾ കണ്ടത്. ഇതിന് പിന്നാലെ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളും കോളജ് പ്രിൻസിപ്പലും കരിക്കോട്ടക്കരി പൊലീസിനെ സമീപിക്കുകയായിരുന്നു.
പ്രതികളുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രങ്ങൾ മറ്റ് സൈറ്റുകളിലേക്ക് ഷെയർ ചെയ്തിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.















